പഴമയിലും വിഷയ വൈവിധ്യത്തിലും ആവിഷ്‌കാര രീതിയിലും വേദങ്ങള്‍ ലോകസാഹിത്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. വേദങ്ങള്‍ ഭാരതീയരുടെ ബഹുമുഖമായ വളര്‍ച്ചയെ കുറിക്കുന്ന രേഖാ പ്രമാണങ്ങളാണ്. ഇതിലെ ആശയങ്ങള്‍ നിഗൂഢാത്മകങ്ങളും ശബ്ദങ്ങള്‍ പ്രതീകാത്മകങ്ങളും ആകയാല്‍ അവ സാമാന്യ ജനങ്ങള്‍ക്ക് സുഗ്രഹമല്ല. പൗരാണികരുടെ അഗാധമായ വിജ്ഞാനത്തിന്റെ പ്രചോദനത്തില്‍ നിന്നായിരിക്കാം ഇവയുടെ ആവിര്‍ഭാവം. നമ്മുടെ പൂര്‍വികര്‍ ഭൗതികമായി ഉയര്‍ന്നുവരും രാഷ്‌ട്രീയവും സാമൂഹികവുമായി ഏറെ പുരോഗമിച്ചവരും ആയിരുന്നു. ഭൗതിക സമൃദ്ധിയില്‍ മടുപ്പു തോന്നിയ അവരുടെ സ്വതന്ത്ര ചിന്ത ഒരു നൂതന സരണിയിലേക്ക് തിരിഞ്ഞതിന്റെ ഫലമായിരിക്കും വേദങ്ങളുടെ ആവിര്‍ഭാവത്തിനു കാരണമായത്. ജീവിതത്തിന്റെ നിസ്സാരതയും നശ്വരതയും ശാശ്വതമായ ഒന്നിലേക്ക് അവരുടെ ചിന്തയേ തിരിച്ചിരിക്കാം. ആദ്യകാലത്ത് വേദങ്ങള്‍ ഓരോ ഋക്കുകള്‍ ആയിരുന്നു. അവ ഭിന്ന കാലങ്ങളിലും ദേശങ്ങളിലും ഉണ്ടായിട്ടുള്ളതാണ്. ഭഗവാന്‍ വേദവ്യാസന്‍(കൃഷ്ണ ദ്വൈപായനന്‍) ആണ് ഇവയെ നാലായി തിരിച്ച്് അവയ്‌ക്കു പ്രത്യേകം പേരുകള്‍ നല്‍കിയത്. പ്രകൃതിയുടെ സവിശേഷതകളില്‍ ആനന്ദിച്ച പൂര്‍വികരുടെ പ്രകൃത്യുന്മുഖമായ മനോവ്യാപാരങ്ങളുടെ അക്ഷരലിഖിതമാണ് വേദങ്ങള്‍.
സഹസ്രാബ്ദങ്ങളുടെ സംസ്‌കാരത്തുടര്‍ച്ച
വൈദികകാലം മുതല്‍ ഇങ്ങോട്ട് ഭാരത സംസ്‌കാരത്തിന് ഒരു അനുസ്യൂതതയുണ്ട്. ക്രിസ്തുവിനും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഭാരതീയര്‍ സ്വകീയമായൊരു സംസ്‌കാരം സമാര്‍ജിച്ചിരുന്നു. മാക്‌സ്മുള്ളറുടെ അഭിപ്രായം ക്രിസ്തുവിനു മുന്‍പ് നാലായിരം വര്‍ഷം കൊണ്ടുണ്ടായ വിസ്മയകരമായ അഭിവൃദ്ധിയും തുടര്‍ച്ചയും ഭാരതീയ സംസ്‌കാരത്തിന് ഉണ്ടെന്നുള്ളതാണ്. മനുഷ്യന്‍ ആസ്തിക ചിന്തയില്‍ മുഴുകിയ അതിപുരാതന കാലം മുതല്‍ക്കേ മനുഷ്യ സ്വപ്‌നങ്ങള്‍ക്ക് അഭയവും സങ്കേതവും അരുളിയ ഏക സ്ഥാനമാണ് ഭാരതമെന്ന് പാശ്ചാത്യ പണ്ഡിതനായ റോമയില്‍ റോളണ്ട് രേഖപ്പെടുത്തിയിരിക്കുന്നു.
ഉപനിഷത്തിലെ തത്ത്വചിന്ത
വേദങ്ങളുടെ തണലില്‍ ഉണ്ടായ തത്ത്വചിന്താ സമീപനമാണ് ഉപനിഷത്തുക്കള്‍. സത്യാന്വേഷണത്തിന്റെ ഉല്‍ക്കടമായ അഭിവാഞ്ഛയില്‍ നിന്ന് ഉടലെടുത്ത അന്തര്‍മുഖമായ ഒരു ഗവേഷണ പ്രക്രിയയാണ് ഇതില്‍ കാണുന്നത്. ഉപനിഷത്തുകളിലെ നിഗൂഢാത്മകവും പ്രതീകാത്മകവുമായ പ്രതിപാദനരീതി ഗ്രീക്ക് ശാസ്ത്രകാരന്മാരിലും ദര്‍ശിക്കാം. ഉപനിഷദ് തത്ത്വചിന്തകള്‍ ലോകമെങ്ങും വ്യാപിച്ചിരുന്നു എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. ഉപനിഷദ്കാലത്തിനു ശേഷം ജീവിച്ചിരുന്ന പാശ്ചാത്യ ചിന്തകരായ ഗോഥെ, വേര്‍ഡ്സ് വര്‍ത്, എമേഴ്‌സണ്‍, തോറോ തുടങ്ങിയവര്‍ ഈ തത്ത്വങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രാകൃതവും സംസ്‌കൃതവും
ഭാരതീയ സാഹിത്യം പഠിക്കുമ്പോള്‍ വേദോപനിഷത്തുകളേ സംബന്ധിച്ച സാമാന്യ ജ്ഞാനം അനുപേക്ഷണീയമാണ്. വേദത്തില്‍ നിന്നാണ് നമുക്ക് സകല ജ്ഞാന-വിജ്ഞാനങ്ങളും ലഭിക്കുന്നത്. വേദ ശബ്ദത്തിനു ഇംഗ്ലീഷില്‍ knowledge എന്ന പദത്തിന്റെ അര്‍ത്ഥമാണുള്ളത്. ഇത് ലാറ്റിന്‍ ഭാഷയിലെ അറിയുക എന്ന ധാതുവില്‍ നിന്നുണ്ടായത് പോലെ വേദശബ്ദം സംസ്്കൃതത്തിലെ ജ്ഞാനം എന്ന അര്‍ത്ഥം വരുന്ന വിദ് ധാതുവില്‍ നിന്നും ഉണ്ടായതാണ്. വേദം അഥവാ അറിവ് എന്നത് ഒരു മതത്തിന്റെ മാത്രം ആധികാരികമായ രേഖകളാണെന്നു ധരിക്കേണ്ടതില്ല. വേദങ്ങള്‍ ഗുരുമുഖത്തു നിന്നു കേട്ടു പഠിക്കുന്ന രീതിയായിരുന്നു വേദകാലത്ത് നിലനിന്നിരുന്നത്.
ക്രമേണ ലിപികള്‍ പ്രചാരത്തില്‍ വരികയും അവ രേഖപ്പെടുത്താന്‍ ആരംഭിക്കുകയും ചെയ്തു. ബ്രാഹ്‌മി, സൗരാഷ്‌ട്ര എന്നീ ലിപികളാണ് ആദ്യകാലങ്ങളില്‍ ലിഖിതത്തിന് ഉപയോഗിച്ചിരുന്നത്. അക്ഷരമെഴുതാന്‍ പനയോലയും, ഭൂര്‍ജ വൃക്ഷത്തിന്റെ തൊലിയും ആണ് ഉപയോഗിച്ചിരുന്നത്. സംസ്‌കൃതം ഒരു ശാസ്ത്രീയ ഭാഷ ആകുന്നതിനു മുന്‍പ് പ്രാകൃതം എന്ന് പൊതുവില്‍ അറിയപ്പെടുന്ന ഭാഷകളാണ്(പാലി, മാഗധി, ശൗരസേനി തുടങ്ങിയവ) ഭാരതമാകെ ഉപയോഗിച്ചിരുന്നത്.
സിന്ധുനദീതട തീരങ്ങളിലെ ഭാഷയ്‌ക്ക് അപഭ്രംശം എന്നും ഗംഗ യമുന തടങ്ങളിലെ ഭാഷയ്‌ക്ക് ശൗരസേനീ എന്നുമാണ് പറഞ്ഞിരുന്നത്. പാണിനി മഹര്‍ഷി പ്രാകൃതഭാഷകളെ സംസ്‌കരിച്ചു സംസ്്കൃതമെന്നു നാമകരണം ചെയ്തു. ഇതുതന്നെ ലൗകികമെന്നും വൈദികമെന്നും രണ്ടു ഭേദങ്ങള്‍ ഉള്ളതാണ്. വേദങ്ങള്‍ പല കാലങ്ങളായി അനേകം മഹര്‍ഷിമാരുടെ ഉള്‍ക്കാഴ്ചയില്‍ നിന്ന് ഉണ്ടായതാണെന്ന് ഭാഷാഭേദങ്ങളില്‍ നിന്ന് അനുമാനിക്കാം. ആദ്ധ്യാത്മികവും ആധിഭൗതികവുമായ ശാസ്ത്രങ്ങളെല്ലാം വേദമൂലങ്ങളാണ്.
വേദങ്ങളെ തുടര്‍ന്ന് ആരണ്യകങ്ങള്‍, ബ്രാഹ്‌മണങ്ങള്‍, ഉപനിഷത്തുകള്‍ എന്നീ ക്രമത്തിലാണ് വേദ വ്യാഖ്യാനങ്ങള്‍ വരുന്നത്. ബ്രാഹ്‌മണങ്ങളുടെ കാലമാകുമ്പോഴേക്കും രാജ്യങ്ങള്‍ രൂപപ്പെടുകയും രാഷ്‌ട്രതന്ത്രങ്ങള്‍ വ്യവസ്ഥാപിതമാകുകയും ചെയ്തു. ഗണിതം, വൈദ്യശാസ്ത്രം, കലകള്‍, സംഗീതം, ഇവയെല്ലാം വേദങ്ങളില്‍ ജനിച്ച് ആരണ്യകങ്ങളില്‍ കൂടി വളര്‍ന്ന് ഉപനിഷത്തില്‍ പടര്‍ന്നു പന്തലിച്ചതാണ്.
കലാ-ശാസ്ത്ര ശാഖകളുടെ ഉദ്ഭവവും വളര്‍ച്ചയും
ഓരോ മേഖലകളിലും നിഷ്ണാതരായ ആചാര്യന്മാര്‍ അവരുടെ നിരീക്ഷണ ഫലമായി ഓരോ ശാസ്ത്രങ്ങള്‍ സൃഷ്ടിച്ചെടുത്തു. അക്കാലത്തുതന്നെ രാജ്യങ്ങളും സമുദായങ്ങളും ക്രമീകൃതമായിരുന്നു. അഥര്‍വ്വ കാലഘട്ടമാകുമ്പോഴേക്കും സാധാരണ ജനങ്ങളുടെ ആചാര-വിശ്വാസങ്ങള്‍ വേദ പ്രതിപാദിതമായി. വൈദികകാലം മുതല്‍ ആവിഷ്‌കൃതമായ ശാസ്ത്രശാഖകള്‍ കാലാന്തരത്തില്‍ ആശയത്തിലും സങ്കല്‍പത്തിലും വികാസദശയെ പ്രാപിച്ചതായി കാണാം. ഓരോ വിഷയത്തിലും ആദ്ധ്യാത്മികവും ഭൗതികവുമായ നേട്ടങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിക്കാതെയുള്ള ആശയവൈദഗ്ധ്യം ആചാരപരമ്പരയുടെ ആനുകാലികമായ ചിന്താശക്തിയെ അടയാളപ്പെടുത്തുന്നു. ഇപ്രകാരം ഉരുത്തിരിഞ്ഞു വന്ന ധാരാളം ശാസ്ത്രശാഖകള്‍ ഇന്ന് പഠന വിഷയങ്ങളായുണ്ട്. ഇവയില്‍ ഏറ്റവും പഴക്കമുള്ളത് ജ്യോതിശാസ്ത്രമാണ്. വേദങ്ങളുടെ ഉത്പത്തിയോടുകൂടി ജ്യോതിശാസ്ത്രവും ഉത്ഭവിച്ചിരിക്കാനാണ് സാധ്യത. നക്ഷത്രസ്ഥിതിയെ ആശ്രയിച്ച് യാഗം ചെയ്യുന്നതിന് സമയവും കാലവും നിര്‍ണയിച്ചിരുന്നതായി മനസ്സിലാക്കാം. ക്രമേണ അത് ഒരു പാഠ്യ പദ്ധതിയായി. വളരെ കൃത്യമായ പഞ്ചാംഗം വൈദിക കാലം മുതല്‍ക്കേ ഭാരതത്തില്‍ നിലവിലുണ്ടായിരുന്നു. കടല്‍യാത്രകളില്‍ സമയവും കാലവും നിര്‍ണയിക്കുവാന്‍ ജ്യോതിശാസ്ത്രത്തെ മാത്രമാണ് പ്രാചീനര്‍ ആശ്രയിച്ചിരുന്നത്.
















