കോട്ടയം: നഗരസഭയുടെ അനുമതി കൂടാതെ വീടിനു മുകളിലിട്ട ഷീറ്റ് പൊളിച്ചുമാറ്റണമെന്ന സെക്രട്ടറിയുടെ ഉത്തരവ് ശരിവച്ച് തദ്‌ദേശ ഭരണസ്ഥാപനങ്ങള്‍ക്കായുളള ട്രൈബ്യൂണല്‍. എന്നാല്‍ 60 ദിവസത്തിനകം ഹര്‍ജിക്കാരന്‍ റെഗുലറൈസേഷന് അപേക്ഷ നല്‍കുന്ന പക്ഷം പൊളിച്ചു നീക്കുന്നതില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ ഉത്തരവ് ചോദ്യം ചെയ്ത് പാലാ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ ഈ നിര്‍ദേശം നല്‍കിയത്. താന്‍ വീടു വാങ്ങുമ്പോള്‍ വീടിനു മുകളില്‍ ഷീറ്റിട്ടിരുന്നുവെന്നും വീടിനു മുന്നില്‍ കുറച്ചു സ്ഥലത്തുമാത്രമാണ് താന്‍ ഷീറ്റിട്ടിട്ടുള്ളൂവെന്നുമുള്ള ഹര്‍ജിക്കാരന്‌റെ വാദം ട്രൈബ്യൂണല്‍ തളളി. മുനിസിപ്പല്‍ ആക്ട് 406 (2) പ്രകാരം ഇത്തരം നിര്‍മ്മിതിക്ക് പെര്‍മിറ്റ് നേടേണ്ടതുണ്ടെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.
















