ന്യൂദല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ജനുവരി ഏഴ് ബുധനാഴ്ചയായിരുന്നു നെതന്യാഹു മോദിയെ ഫോണില്‍ വിളിച്ചത്. ഇതോടെ മോദിയുമായി നെതന്യാഹു അകന്നു എന്ന ജിഹാദി-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പ്രചാരണമാണ് ഇല്ലാതായത്. ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുമെന്ന അറിയിപ്പുണ്ടായ ശേഷം അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്തരമൊരു കുപ്രചരണം ശത്രുക്കള്‍ പ്രചരിപ്പിച്ചിരുന്നത്.
ഇരുനേതാക്കളും പുതുവത്സരം ആശംസിക്കുകയും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ സമാധാനത്തോടെയും ഐശ്വര്യത്തോടെയും ജീവിക്കട്ടെ എന്ന് പരസ്പരം ആശംസിക്കുകയും ചെയ്തു. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പരസ്പരവിശ്വാസത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് പ്രധാനമായും ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്.
ഭീകരവാദത്തോട് ക്ഷമിക്കില്ല
ഒരു രീതിയിലുമുള്ള ഭീകരവാദത്തോട് യാതൊരു കാരണവശാലും ക്ഷമിക്കില്ലെന്ന നിലപാട് ഇരുകൂട്ടരും വീണ്ടും ഉറപ്പിച്ചു. ആഗോളഭീകരതയെ തടയാന്‍ സഹകരണം തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു. ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രപങ്കാളത്തത്തിന്റെ ഇപ്പോഴത്തെ പുരോഗതിയില്‍ ഇരുവരും തൃപ്തി പ്രകടിപ്പിച്ചു.
ഗാസ സമാധാനപദ്ധതി വിശദീകരിച്ച് നെതന്യാഹു
ഗാസയില്‍ ഇസ്രയേല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സമാധാനപദ്ധതിയെക്കുറിച്ച് നെതന്യാഹു മോദിയോട് വിശദീകരിച്ചു. ഗാസയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും സുസ്ഥിരമായ പിന്തുണ ഉണ്ടായിരിക്കുമെന്ന് മോദി ഉറപ്പ് നല്‍കി.
ഇപ്പോള്‍ ഇരുനേതാക്കളും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയത് നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ പല സംഭാഷണങ്ങളുടെയും ഉന്നതതലയോഗങ്ങളുടെയും തുടര്‍ച്ച എന്ന നിലയ്‌ക്കാണ്. ഡിസംബര്‍ 10നും മോദിയെ നെതന്യാഹു ഫോണില്‍ വിളിച്ചിരുന്നു. അതിന് ശേഷം വിദേശകാര്യമന്ത്രി ജയശങ്കര്‍ രണ്ട് ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം ഇസ്രയേല്‍ പ്രസിഡന്‍റ് ഹെര‍്സോഗുമായി കൂടിക്കാഴ്ച നടത്തി. ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിഡിയോണ്‍ സാറിനെയും കണ്ടിരുന്നു. ജയശങ്കര്‍ ഇസ്രയേലില്‍ നടത്തിയ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരുന്നത് ഇന്ത്യ-ഇസ്രയേല്‍ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു .
















