നാഗര്‍കോവില്‍: സംസ്ഥാനത്തെ പ്രധാന കാര്‍ഷിക വിളവെടുപ്പ് ഉത്സവമായ പൊങ്കലിന്റെ ഒരുക്കങ്ങള്‍ കന്യാകുമാരി ജില്ലയില്‍ പുരോഗമിക്കുന്നു. ഉത്സവത്തിന്റെ അവിഭാജ്യ ഘടകമായ കരിമ്പ് ജില്ലയിലെ നാഗര്‍കോവില്‍ ഉള്‍പ്പെടെയുള്ള വിവിധ മാര്‍ക്കറ്റുകളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും എത്തിത്തുടങ്ങി.
നാഗര്‍കോവിലിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ എത്തിച്ച കരിമ്പിന്റെ ഗുണനിലവാരവും വിലനിയന്ത്രണവും ഉറപ്പാക്കുന്നതിന് കന്യാകുമാരി ജില്ലാ കളക്ടര്‍ അഴകു മീന നേരിട്ട് പരിശോധന നടത്തി. പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള കരിമ്പ് ന്യായമായ വിലയ്‌ക്ക് ലഭ്യമാക്കണമെന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും പൊങ്കല്‍ സമ്മാനമായി 3000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൂടാതെ ഒരു കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു കരിമ്പും നല്‍കുന്നുണ്ട്. പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള വിതരണം, ഗതാഗത ക്രമീകരണങ്ങള്‍, വിപണികളിലെ സൗകര്യങ്ങള്‍ എന്നിവ ശക്തമാക്കിയിട്ടുണ്ട്.
കൃഷിയുമായി ബന്ധപ്പെട്ട ഉത്സവമായതിനാല്‍ ഗ്രാമീണ മേഖലകളില്‍ കര്‍ഷകരും വ്യാപാരികളും ഉത്സവ ഒരുക്കങ്ങളില്‍ സജീവമായി പങ്കാളികളാകുകയാണ്. വീടുകളില്‍ പൊങ്കല്‍ കലങ്ങള്‍, അലങ്കാരങ്ങള്‍, കോലങ്ങള്‍ എന്നിവ ഒരുക്കുന്നതിന്റെ തിരക്കിലാണ് ജനങ്ങള്‍. ഭക്തിനിര്‍ഭരമായ ആചാരങ്ങളോടെ 3 ദിവസമായിട്ടാണ് പൊങ്കല്‍ ആഘോഷം നടക്കുന്നത്.15 ന് മകരപൊങ്കല്‍, 16ന് മാട്ട് പൊങ്കല്‍, 17ന് കാണും പൊങ്കല്‍ എന്നിങ്ങനെ മൂന്നിനം ഉത്സവങ്ങളായിട്ടാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. പൊങ്കല്‍ ദിവസത്തിന്റെ തലേന്നാള്‍ ബോഗി പൊങ്കല്‍ നടക്കും. വീടും പരിസരവും വ്യത്തിയാക്കിയും, പഴയ ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കള്‍ കത്തിച്ച് കളഞ്ഞും പുതുമയെ വരവേല്‍ക്കുന്നതാണ് ബോഗിപൊങ്കല്‍.
മകര പൊങ്കല്‍ ദിവസം വീടിനുമുന്നില്‍ പരമ്പരാഗത രീതിയില്‍ കോലങ്ങള്‍ വരച്ച് ഒരുക്കും. പുലര്‍ച്ചെ പുതുവസ്ത്രങ്ങള്‍ ധരിച്ച് വിവിധതരം പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, മഞ്ഞള്‍, വാഴക്കുല, കരിമ്പ് തുടങ്ങിയവ ഒരുക്കി മണ്‍കലത്തില്‍ പൊങ്കാല അര്‍പ്പിക്കുന്നതാണ് പ്രധാന ചടങ്ങ്.
മാട്ടുപ്പൊങ്കല്‍ ദിവസം കന്നുകാലികളെ കുളിപ്പിച്ച് കുങ്കുമതിലകം തൊട്ട്, പ്രത്യക പൂജ ഒരുക്കി, കൊമ്പുകളില്‍ ചായം തേച്ച് മാട്ടുപൊങ്കല്‍ ആഘോഷിക്കുന്നു. ബന്ധുഗൃഹങ്ങളില്‍ സന്ദര്‍ശനം നടത്തിയും പുതുവസ്ത്രങ്ങള്‍ സമ്മാനം നല്‍കുന്നതുമാണ് കാണും പൊങ്കല്‍.
















