ബെംഗളൂരു: കർണാടകയിൽ ബിജെപി പ്രവർത്തകയെ അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസുദ്യോഗസ്ഥർ മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തതായി പരാതി. കേഷ്വാപൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി.
കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. ഒരു ബസിനുള്ളിൽ പുരുഷ, വനിതാ പോലീസ് ഉദ്യോഗസ്ഥർ വനിതാ പ്രവർത്തകയെ വളയുന്നതും അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. സ്ത്രീയോട് മോശമായി പെരുമാറുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രവർത്തകർ പോസ്റ്റ് ചെയ്തു.
കോൺഗ്രസ് പ്രവർത്തക സുവർണ കൽകുന്തലയുടെ പരാതിയെ തുടർന്നാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമിക വിവരം. കേഷ്വാപൂർ റാണ പ്രദേശത്തെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) സമയത്ത് ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ചില വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തക സഹായിച്ചു എന്നാരോപിച്ചായിരുന്നു സംഘർഷം.
ബിജെപി വനിതാ നേതാവിനെതിരെ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹുബ്ബള്ളി സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. അ റസ്റ്റ് ചെയ്ത സമയത്ത് ഒരു വനിതാ പിഎസ്ഐ ഉൾപ്പെടെ എട്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്നും അറസ്റ്റ് ചെയ്ത് പോലീസ് വാനിൽ കയറ്റിയപ്പോൾ അവർ സ്വയം വസ്ത്രം വലിച്ചുകീറുകയായിരുന്നുവെന്നുമാണ് കമ്മീഷണർ പറയുന്നത്.
















