പത്തനംതിട്ട: ശബരിമല സന്നിധാനത്ത് 16,000 പായ്‌ക്കറ്റ് ആടിയ ശിഷ്ടം നെയ്യ് കാണാനില്ല. 16 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവം പുറത്തായതോടെ ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥരെയും നെയ്യ് പായ്‌ക്കു ചെയ്യുന്ന ജീവനക്കാരെയും വിജിലന്‍സ് ചോദ്യം ചെയ്യുകയാണ്.
അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യുന്ന നെയ്യാണ് ‘ആടിയ ശിഷ്ടം നെയ്യ്’ എന്ന പേരില്‍ വില്‍ക്കുന്നത്. സന്നിധാനത്തിനു പുറത്ത് വിവിധ വഴിപാടു കൗണ്ടറുകളിലൂടെയാണ് വില്‍പന. പായ്‌ക്കു ചെയ്ത നെയ്യ് വിവിധ കൗണ്ടറുകളിലെത്തിയതിന്റെ കണക്കുണ്ട്. എന്നാല്‍ വിറ്റ പണം ദേവസ്വം അക്കൗണ്ടിലെത്തിയിട്ടില്ല. ഇത്രയും പായ്‌ക്കറ്റ് നെയ്യ് മറിച്ചുവിറ്റതായാണ് സൂചന. 100 ഗ്രാം വീതം നെയ്യാണ് പായ്‌ക്കറ്റുകളിലാക്കി വില്‍ക്കുന്നത്. പായ്‌ക്കറ്റ് ഒന്നിന് 100 രൂപയാണ് വില.











