തിരുവനന്തപുരം: അവയവദാനം ഇതിവൃത്തമാക്കി കാട്ടാക്കടയില്‍ നിര്‍മ്മിച്ച ഹൃസ്വചിത്രം ദാദാസാഹിബ് ഫാല്‍ക്കെ ഷോര്‍ട്ട് ഫിലിം അവാര്‍ഡിന് തെരഞ്ഞെടുത്തു. അവയവദാനം ഇതിവൃത്തമാക്കി പൊതുഅവബോധം സൃഷ്ടിക്കുന്നതിന് ഒരുക്കിയ ഹൃസ്വചിത്രമാണ് ‘സമ്മതം’ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായ രജീഷ് കാട്ടാക്കടയാണ് നിര്‍മ്മാണവും കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അമ്പൂട്ടി, രാഗീഷ് രാജ, വിനീത ഡീ അമല്‍, അഷറഫ് പേഴുമൂട്, അജിത്, ഗോഡ്‌വിന്‍, രേവതി, റാണി, ബേബി വിസ്മയ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഛായഗ്രഹണം സാം ലാല്‍ പി. തോമസ് ആണ്. സംഗീത സംവിധായകന്‍ വിജയ് കരുണ്‍ ആണ് പശ്ചാത്തല സംഗീതം.
ഇന്ത്യന്‍ സിനിമയുടെ പിതാവായ ‘ദാദാ സാഹിബ് ഫാല്‍ക്കെ’ യുടെ സ്മരണയ്‌ക്കായി മുംബൈയില്‍ സംഘടിപ്പിക്കുന്ന 2026 ലെ ‘ദാദാ സാഹിബ് ഫാല്‍ക്കെ’ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡിന് ആണ് സെലക്ഷന്‍ ആയത്. അവാര്‍ഡ് പ്രഖ്യാപനം 2026 ഫെബ്രുവരിയില്‍ നടക്കും. ഇതിനോടകം നിരവധി ഫെസ്റ്റിവലുകളില്‍ വിവിധ വിഭാഗങ്ങളിലായി 28 ഓളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സമ്മതം അവയവദാനത്തിന്റെ മാഹാത്മ്യത്തെകുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും, ചിലരുടെ മാനസിക സംതൃപ്തികളെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.
















