കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഹൈക്കോടതി ആറ് ആഴ്ച കൂടി അനുവദിച്ചു. കുറ്റകൃത്യത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, ആവശ്യമുള്ളപ്പോള്‍ കഴിവുള്ള ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ സഹകരിപ്പിക്കാനും എസ്‌ഐടിയുടെ ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷിന് അനുമതി നല്‍കി. ഏതെങ്കിലും ഉദ്യോഗസ്ഥനെ ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ കോടതിയെ അറിയിക്കണം.
ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ. വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരന്‍, ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കൊപ്പം വെങ്കിടേഷും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
ദ്വാരപാലക വിഗ്രഹ കേസില്‍, പതിനഞ്ച് പ്രതികളില്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്‌തെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. കട്ടിള പാളി കേസിലെ പന്ത്രണ്ട് പ്രതികളില്‍ ഒമ്പത് പേരെയും അറസ്റ്റ് ചെയ്തു. 1998 ല്‍ യുബി ഗ്രൂപ്പ് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ലഭിച്ചതായും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. 181 സാക്ഷികളെ വിസ്തരിച്ചു, മൊഴികള്‍ രേഖപ്പെടുത്തി. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.
സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രേഖകളിലെ കൈയക്ഷരവും ഒപ്പുകളും താരതമ്യം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സന്നിധാനത്തെ യഥാര്‍ത്ഥ പ്ലേറ്റുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (വിഎസ്എസ്‌സി) ശാസ്ത്രീയ പരിശോധനകള്‍ക്ക് അയച്ചു. അതിന്റെ ഫലങ്ങള്‍ ലഭിച്ചിട്ടില്ല, എസ്‌ഐടി അറിയിച്ചു. കേസ് 19 ന് വീണ്ടും പരിഗണിക്കും.
















