ന്യൂദല്‍ഹി: എന്‍സിസി റിപ്പബ്ലിക്ദിന ക്യാമ്പിന് ദല്‍ഹിയില്‍ തുടക്കമായി. കേരളത്തില്‍ നിന്നടക്കം 2406 കേഡറ്റുകളാണ് പങ്കെടുക്കുന്നത്. ജമ്മു കശ്മീര്‍, ലഡാക്ക് മേഖലകളില്‍ നിന്നുള്ള 127 കേഡറ്റുകളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 131 കേഡറ്റുകളും ഇതില്‍ ഉള്‍പ്പെടും. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം വഴി 25 വിദേശരാജ്യങ്ങളില്‍ നിന്നുള്ള കേഡറ്റുകളും ഓഫീസര്‍മാരും ക്യാമ്പില്‍ പങ്കെടുക്കും.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളിലൂടെ രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് കേഡറ്റുകള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുമെന്ന് എന്‍സിസി ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ വീരേന്ദ്ര വാട്സ് അഭിപ്രായപ്പെട്ടു. അതിനുള്ള പ്രധാനവേദിയായി ക്യാമ്പ് മാറും.
രാജ്യത്തെ 90 ശതമാനം ജില്ലകളിലും എന്‍സിസി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. 1948ല്‍ ആരംഭസമയത്ത് 20,000 ആയിരുന്ന കേഡറ്റുകളുടെ എണ്ണം ഇപ്പോള്‍ ഏകദേശം 20 ലക്ഷമായി. ഇതില്‍ 40 ശതമാനം പെണ്‍കുട്ടികളാണ്. 2025ല്‍ എന്‍സിസി 1,665 വാര്‍ഷിക പരിശീലന ക്യാമ്പുകള്‍, ആറ് പ്രത്യേക ദേശീയ സംയോജന ക്യാമ്പുകള്‍, 33 ഏകഭാരതം ശ്രേഷ്ഠ ഭാരതം ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിച്ചു.
യുവ ആപ്ദ മിത്ര സ്കീമിന് കീഴില്‍ ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുമായി ഏകോപിപ്പിച്ച് എന്‍സിസി കേഡറ്റുകള്‍ക്ക് ഈ വര്‍ഷം മാര്‍ച്ചോടെ പരിശീലനം നല്‍കും. 315 ജില്ലകളില്‍ നിന്നുള്ള 94,400 കേഡറ്റുകളുടെ പേരുകള്‍ ആഭ്യന്തര മന്ത്രാലയം ഇതിനായി നാമനിര്‍ദേശം ചെയ്തതായും എന്‍സിസി ഡയറക്ടര്‍ അറിയിച്ചു.
ഉപരാഷ്ട്രപതി, പ്രതിരോധമന്ത്രി, ദല്‍ഹി മുഖ്യമന്ത്രി, പ്രതിരോധ വകുപ്പ് സെക്രട്ടറി, സംയുക്ത സൈനിക മേധാവി. കര- നാവിക- വ്യോമസേനാ മേധാ വികള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. 28ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയോടെ ക്യാമ്പ് സമാപിക്കും.












