തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള ഇരുചക്രവാഹന പാർക്കിങ്ങില്‍ തീപ്പിടിത്തം. ഇലക്ട്രിക് കമ്പികള്‍ കൂട്ടിയുരസിയുണ്ടായ സ്പാര്‍ക്കില്‍ നിന്നും താഴെ വീണ തീപ്പൊരിയില്‍ നിന്നാണ് തീപ്പിടത്തമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച അതിരാവിലെ 6 മണിക്കാണ് തീപ്പിടിത്തമുണ്ടായത്.
ഏതാനും ബൈക്കുകള്‍ കത്തിനശിച്ചിട്ടുണ്ട്. എത്ര ബൈക്കുകള്‍ കത്തിനശിച്ചുവെന്നത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരിച്ചുവരുന്നതേയുള്ളൂ. അതേ സമയം പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വന്‍തീപ്പിടിത്തമെന്നും 600 ബൈക്കുകള്‍ കത്തിനശിച്ചുവെന്നുമുള്ള പെരുപ്പിച്ച വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുറഞ്ഞത് 100 ബൈക്കുകളില്‍ കുറയാതെ കത്തിനശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പാര്‍ക്കിങ്ങ് ഏരിയയിലെ തീപ്പിടിത്തം അട്ടിമറിയാണോ എന്ന സംശയം ആശങ്ക ജനിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് സ്ഥിരീകരണം എത്തിയതോടെ ആശ്വാസമായി.
റെയില്‍വേ കരാര്‍ നല്‍കിയ വാഹനപാര്‍ക്കിങ്ങിലാണ് തീപ്പിടിത്തം. റെയിൽവേ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന എൻജിനും തീപിടിച്ചതായി പറയുന്നു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
















