തൃശൂര്‍:തിരുവില്വാമലയിലെ റോയല്‍ ബാറിലെ ജീവനക്കാരന്‍ സുബ്രഹ്മണ്യന് ക്രൂര മര്‍ദനമേറ്റതില്‍ ബാറിലെ മുന്‍ ജീവനക്കാരനടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബാറിലെ മുന്‍ ജീവനക്കാരന്‍ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിന്റോ, എബിന്‍, രഞ്ജിത്ത് എന്നിവരാണ് പഴയന്നൂര്‍ പൊലീസ് കസ്റ്റഡിയിലായത്.യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദനമെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.
ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് സുഹൃത്തുക്കള്‍ക്കൊപ്പം വീണ്ടും ബാറിലെത്തി. പിന്നാലെ സുബ്രഹ്മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നു.സുരക്ഷാ ജീവനക്കാരും നാട്ടുകാരും തടയാന്‍ ശ്രമിച്ചെങ്കിലും മര്‍ദനം തുടര്‍ന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അടിയേറ്റ് നിലത്ത് വീണ സുബ്രഹ്മണ്യനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ബാറിലെ ജീവനക്കാരന്‍ ആയിരിക്കെ, ചില പ്രശ്‌നങ്ങളുടെ പേരില്‍ ഗിരീഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
എന്നാല്‍, വ്യക്തിപരമായി താനുമായി യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് സുബ്രഹ്മണ്യന്‍ പറയുന്നത്. താടിയെലിന് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യന്‍ ചികിത്സയിലാണ്.















