കറാകാസ്: ഇപ്പോള്‍ അമേരിക്ക തടവുകാരനായി പിടിച്ച വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ ഒരു സത്യസായി ബാബ ഭക്തനായിരുന്നു. 2005ല്‍ വെനസ്വേലയുടെ വിദേശകാര്യമന്ത്രിയായിരിക്കെയാണ് നിക്കോളാസ് മഡൂറോ ആന്ധ്രയിലെ പുട്ടപ്പര്‍ത്തിയില്‍ എത്തിയിരുന്നു. കൂടെ സന്തതസഹചാരിയായ ഭാര്യ സിലിയ ഫ്ലോറസും ഉണ്ടായിരുന്നു.
പുട്ടപ്പര്‍ത്തിയില്‍ ബാബയുടെ ആശ്രമമായ പ്രശാന്തി നിലയത്തില്‍ എത്തി സത്യസായി ബാബയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പഴയ ഫോട്ടോകളില്‍ സത്യസായിബാബയുടെ മുന്‍പില്‍ വിനയത്തോടെ തറയില്‍ ഇരിക്കുന്ന നിക്കോളാസ് മഡൂറോയെ കാണാം. പ്രസിഡന്‍റായി മാറിയതിന് ശേഷം ഇദ്ദേഹത്തിന്റെ ഔദ്യോഗികവസതിയുടെ ചുമരില്‍ ഹ്യൂഗോ ഷാവേസ്, സിമോണ്‍ ബോളിവര്‍ എന്നീ നേതാക്കളുടെ ചിത്രങ്ങളുടെ കൂടെ അതീവപ്രാധാന്യത്തോടെ സ്ഥാപിച്ചിരിക്കുന്ന സത്യസായിബാബയുടെ ഫോട്ടൊയും കാണാം.
മഡൂറോയെക്കാള്‍ മുന്‍പേ അദ്ദേഹത്തിന്റെ ഭാര്യ സത്യസായി ഭക്തയായിരുന്നു. പല പ്രതിസന്ധിഘട്ടങ്ങളിലും ഭാര്യയ്‌ക്ക് സത്യസായിബാബയുടെ വിശ്വാസം അഭയമായിട്ടുണ്ട്.
ഏപ്രില്‍ 2011ന് സത്യസായി ബാബ വിടവാങ്ങിയപ്പോള്‍ വെനസ്വേലയില്‍ ദേശീയ ദുഖാചരണമായിരുന്നു. ഔദ്യോഗികമായി രാജ്യം അനുശോചന സന്ദേശം അയയ്‌ക്കുകയും ചെയ്തു. ഈയിടെ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷം നടന്നപ്പോഴും മഡൂറോ സന്ദേശം അയച്ചിരുന്നു. “ഈ ഗുരുവിന്റെ സന്ദേശം എന്നെന്നും ലോകത്തിന് വെളിച്ചം പകരട്ടെ” എന്ന് അന്ന് മഡൂറോ പറഞ്ഞിരുന്നു. വെനസ്വേലയില്‍ സത്യസായിബാബ ആരാധകരുടെ ശൃംഖല വളരെ വിപുലവും ശക്തവുമാണ്. ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്ത് ഇത്രയ്‌ക്കധികം സത്യസായിബാബ ശിഷ്യര്‍ ഉള്ളത് വെനസ്വേലയിലാണ്. ഇവിടെ നിരവധി സത്യസായി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു.
















