ന്യൂദല്‍ഹി: ഭാരതം ഒരേസമയം മനുഷ്യ ബഹിരാകാശയാത്രയ്‌ക്കും ആഴക്കടല്‍ പര്യവേഷണത്തിനും തയാറെടുക്കുകയാണെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്. ഗഗന്‍യാന്‍, ഡീപ് ഓഷ്യന്‍ മിഷന്‍ എന്നീ മുന്‍നിര ദൗത്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. 2027ല്‍ ഒരു ഭാരതീയന്‍ ബഹിരാകാശത്തെത്തുമ്പോള്‍ 6,000 മീറ്റര്‍ വരെ ആഴത്തില്‍, ആഴക്കടല്‍ പര്യവേഷണം നടത്തുന്നതിനായി മറ്റൊരു ഭാരതീയനെ എത്തിക്കും. ചരിത്രപരമായ ഇരട്ടനേട്ടം കുറിക്കുന്ന തരത്തിലായിരിക്കും ഇതെന്നും മന്ത്രി അറിയിച്ചു. 2025ലെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെയും ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെയും നേട്ടങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വരുന്ന രണ്ട് ദശകങ്ങളില്‍ രാജ്യത്തിന്റെ മുന്നേറ്റം ബഹിരാകാശം, സമുദ്രം, ബയോടെക്നോളജി, ശുദ്ധമായ ഊര്‍ജ്ജം, നൂതന ഉല്‍പാദനം തുടങ്ങിയ നവീകരണാധിഷ്ഠിത മേഖലകളിലൂടെയാകും. ഭാരതത്തിന്റെ പരിഷ്‌കരണ എക്സ്പ്രസ് ശാസ്ത്രം, സാങ്കേതിക വിദ്യ, നവീകരണം എന്നിവയാല്‍ നയിക്കപ്പെടുന്നു. സദ്ഭരണം, സാമ്പത്തിക പരിവര്‍ത്തനം എന്നിവയ്‌ക്ക് പിന്നിലെ കേന്ദ്രശക്തി സാങ്കേതികവിദ്യയാണ്. എല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രധാനപരിഷ്‌കാരങ്ങളും സാങ്കേതിക വിദ്യാധിഷ്ഠിതമാണ്. ദേശീയ നയരൂപീകരണത്തില്‍ ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കിയതിനാലാണ് വലിയ പരിവര്‍ത്തനം സാധ്യമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2014 മുതലുള്ള സ്വാതന്ത്ര്യദിനപ്രസംഗങ്ങള്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല ഉദ്ദേശ്യവും ആഗോള കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്ന ശക്തമായ ശാസ്ത്രീയ പ്രമേയം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ വികസന-നവീകരണ (ആര്‍ഡിഐ) ഫണ്ടാണ് ഈ വര്‍ഷത്തെ പ്രത്യേകത. ഇറക്കുമതി രാഷ്‌ട്രം എന്നതില്‍ നിന്ന് വാക്സിനുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള സാങ്കേതികവിദ്യകളുടെ കയറ്റുമതിക്കാരായി ഭാരതം മാറി. ശാസ്ത്രം നയിക്കുന്ന പരിഷ്‌കാരങ്ങള്‍ 2047ന് മുമ്പ് തന്നെ മികച്ച ആഗോള സമ്പദ്വ്യവസ്ഥയായി മാറുന്നതിനുള്ള ഭാരതത്തിന്റെ യാത്രയെ ത്വരിതപ്പെടുത്തുമെന്നും ഡോ. ജിതേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു. ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. എ.കെ. സൂദ്, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടിക്കര്‍, ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ, സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍. കലൈസെല്‍വി, ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രവിചന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















