പറയുന്നതാരെന്ന് നോക്കണ്ട. പറയുന്നതില്‍ കഴമ്പുണ്ടോ എന്നാണ് നോക്കേണ്ടത്. മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടത് എം.എം. ഹസ്സനാണ്. എന്തിനാണെന്നല്ലേ? ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം മുഖ്യമന്ത്രി നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നതാണ് കാര്യം. പോറ്റിയോടൊപ്പം നില്‍ക്കുന്നതും ഇരിക്കുന്നതും കുശലം പറയുന്നതുമെല്ലാമായ ചിത്രമാണല്ലോ കടകംപള്ളിക്ക് വിനയായത്. പോറ്റിക്കൊപ്പം ജയിലില്‍ കിടക്കുകയാണല്ലോ പത്മകുമാറും വാസുവുമടക്കമുള്ള നേതാക്കളെല്ലാം. അതുവച്ചുനോക്കുമ്പോള്‍ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് ഹസ്സന്‍ ആവശ്യപ്പെട്ടതില്‍ കഴമ്പില്ലാതില്ല.
കടകംപള്ളിയെ എസ്‌ഐടി രഹസ്യമായി ചോദ്യം ചെയ്തതിന്റെ പൊരുള്‍ തേടുകയാണ് വി.ഡി. സതീശന്‍. ഈ ചോദ്യം ചെയ്യലിന് എന്തിനായിരുന്നു രഹസ്യസ്വഭാവമെന്നാണ് സതീശന് അറിയേണ്ടത്. തനിക്കൊന്നും മറച്ചുവയ്‌ക്കാനില്ലെന്നാണ് മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ വാദം. തന്നെ വിളിച്ചിട്ടില്ല. വിളിച്ചാല്‍ തീര്‍ച്ചയായും പോകുമെന്നാണ് ആറ്റിങ്ങല്‍ എംപിയായ പത്തനംതിട്ടക്കാരന്‍ അടൂര്‍ പ്രകാശിന്റെ വാദം. പക്ഷെ ഇതുവരെ ചോദ്യം ചെയ്യാത്ത, ഒന്നും പ്രതികരിക്കാത്ത ഒരാളുണ്ട്. ആന്റോ ആന്റണിയാണത്. പത്തനംതിട്ട എംപിയായ ഇദ്ദേഹവും അടൂര്‍ പ്രകാശും പോറ്റിക്കൊപ്പം കോണ്‍ഗ്രസ് മേധാവിയും രാജ്യസഭാംഗവുമായ സോണിയക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു. സോണിയയുടെ കയ്യില്‍ ചരടോ മന്ത്രിച്ച ഏലസ്സോ മറ്റോ പോറ്റി കയ്യില്‍ കെട്ടുന്ന ചിത്രവും പുറത്തുവന്നു. അതെപ്പോഴായിരുന്നു എന്നതാണ് സംശയം. ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് മുമ്പാണോ അതിനുശേഷമാണോ എന്നതിലേ സംശയമുള്ളൂ. ഏതായാലും സ്വര്‍ണക്കൊള്ളയും സോണിയയുമായുള്ള ബന്ധം ഇതിനുണ്ടോ എന്ന സംശയമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഏതായാലും കെ. സുരേന്ദ്രന്റെ ചോദ്യങ്ങളും സംശയങ്ങളും ഇത്തരുണത്തില്‍ പ്രസക്തമാണെന്നാണ് തോന്നുന്നത്.
കേസില്‍ കുപ്രസിദ്ധ വിഗ്രഹ മോഷ്ടാക്കള്‍ക്ക് പങ്കുണ്ടോയെന്ന് കോടതി ആദ്യമേ സംശയം പ്രകടിപ്പിച്ചു. ഇതിനെ സാധൂകരിക്കുന്നത് ആയിരുന്നു രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. പുരാവസ്തു ബിസിനസിലേക്ക് കൊള്ള എത്തിയിട്ടുണ്ടോ എന്നതിലേക്ക് കാര്യം എത്തുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ചിത്രം വന്നു. ആദ്യം ആരും സംശയിച്ചില്ല. കാരണം അത് സ്വാഭാവികം ആണല്ലോ. പക്ഷെ ആദ്യ നിലപാടുകളില്‍നിന്ന് ചെന്നിത്തലയും വി.ഡി. സതീശനും പിന്നിലേക്ക് പോയി. സോണിയയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം രാഷ്‌ട്രീയം കസര്‍ത്താണെന്നല്ലെ തോന്നുന്നത്. ആരാണ് സോണിയക്ക് അവരെ പരിചയപ്പെടുത്തിയത്. അടൂര്‍ പ്രകാശ് മാത്രമല്ല, ആന്റോ ആന്റണിയും ഇതിലുണ്ട്. വിലമതിക്കാന്‍ സാധിക്കാത്തതാണ് നഷ്ടമായത്. ഇത് അന്താരാഷ്‌ട്ര വിഗ്രഹക്കൊള്ളയാണ്. ഇറ്റലിയില്‍ സോണിയയുമായി രക്തബന്ധമുള്ളവര്‍ക്ക് പുരാവസ്തുക്കള്‍ വിപണനം നടത്തുന്ന പരിപാടി ഉണ്ട്. രമേശ് ചെന്നിത്തലയ്‌ക്ക് ഇത് ആദ്യം അറിയില്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹം കുടുങ്ങി. അദ്ദേഹം കേട്ട കാര്യങ്ങള്‍ ഒക്കെ അങ്ങ് പറഞ്ഞു. പക്ഷെ പറഞ്ഞ കാര്യങ്ങളില്‍ എന്തുകൊണ്ട് ഉറച്ച് നില്‍ക്കുന്നില്ല, ചെന്നിത്തല മതിപ്പ് വില വരെ പറയുകയാണ്, ഏതാണ്ട് 500 കോടി എന്നാണ് പറഞ്ഞത്.
കോണ്‍ഗ്രസിന്റെ ഒളിച്ചുകളി ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. സോണിയയും പോറ്റിയും എങ്ങനെ, എന്തിനു കണ്ടു എന്നതിന് ഒരു കോണ്‍ഗ്രസ് നേതാവും വിശദീകരണം നല്‍കുന്നില്ല. വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫിനും പരിക്ക് പറ്റും. വൈറല്‍ പാട്ടില്‍ ഭേദഗതി വേണ്ടി വരും. സ്വര്‍ണം കട്ടത് സഖാക്കള്‍ എങ്കില്‍ വിറ്റത് കോണ്‍ഗ്രസ് എന്ന് മാറ്റേണ്ടി വരും. കേസില്‍ യുഡിഎഫിനും തുല്യ പങ്കുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് എളുപ്പത്തില്‍ കോണ്‍ഗ്രസിന് ഒഴിഞ്ഞു മാറാന്‍ ആകില്ല അതു തന്നെയാണ് ഇപ്പോള്‍ കുഴയുന്നതും കുഴക്കുന്നതുമായ കാര്യം.
എല്ലാ സംശയങ്ങളും കരുത്തും കാമ്പുള്ളതുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സിപിഎംകാര്‍ക്ക് മാത്രമല്ല സിപിഐക്കാര്‍ക്കും സംശയമുണ്ട്. പിണറായി അല്ല താനെന്ന ന്യായം ബിനോയ് വിശ്വം പരസ്യമായി പറഞ്ഞത് നിസ്സാര കാര്യമല്ല. കോണ്‍ഗ്രസിന്റെ സ്വാഭാവിക സുഹൃത്താണല്ലൊ സിപിഐ. മാത്രമല്ല ഇന്‍ഡി സഖ്യത്തിലെ പ്രബല കക്ഷിയും. സീതാറാം യച്ചൂരിയേക്കേള്‍ വിശ്വസ്തനാണ് ഡി. രാജ. രാജയുടെ ഉറ്റമിത്രവും സിപിഐയുടെ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വത്തിന് മറുപടിയുമായി മുഖ്യമന്ത്രി പറഞ്ഞതും കൂട്ടിച്ചേര്‍ത്തു വീക്ഷിക്കുമ്പോള്‍ ശിവന്‍കുട്ടി പറഞ്ഞ പഴഞ്ചൊല്ലാണ് ഓര്‍മ്മ വരുന്നത്. ‘പുത്തനച്ചി പുരപ്പുറം തൂക്കു’മെന്ന് ശിവണ്ണന്‍ പറഞ്ഞത് ബിജെപിയെ ചൂണ്ടിയാണെങ്കിലും ചേരുന്നത് സിപിഐക്കാര്‍ക്ക് അല്ലെ?
പണ്ട് വിളിച്ച മുദ്രാവാക്യം ഓര്‍മ്മയില്ലേ ‘എമ്മനും തൊമ്മനും കമ്മ്യൂണിസ്റ്റല്ല, ചേലാട്ടച്ചു പണ്ടേ അല്ല. വയ്‌ക്കെടാ ചെറ്റേ ചെങ്കൊടി താഴെ പിടിയെടാ വലതാ മൂവര്‍ണക്കൊടി’ എന്നത്.
ആ ഒരു അവസ്ഥ അടുത്തെത്തി എന്നാണ് തോന്നുന്നത്. സിപിഐയെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞത് ‘ചതിയന്‍ ചന്തു’ എന്നാണല്ലോ. ആ തൊപ്പി 10 തവണ ചേരുന്നത് വെള്ളാപ്പള്ളിക്കാണെന്ന് ബിനോയിയും. ഏതായാലും കസറി. കലക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ.
















