തിരുവനന്തപുരം: സുവര്‍ണ കേരളം ലോട്ടറിയില്‍ ശിവലിംഗത്തില്‍ ആര്‍ത്തവരക്തം വീഴുന്ന രീതിയില്‍ ചിത്രീകരിച്ച ലോട്ടറി വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി, വിഎച്ച്പി തുടങ്ങിയ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കേരളമെങ്ങും വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നു.
കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ലോട്ടറി ഡയറക്ടറേറ്റിനു മുന്നില്‍ നാമജപ പ്രതിഷേധം നടത്തി. ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹൈന്ദവ പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുക്കംപാലമൂട് രാധാകൃഷ്ണന്‍ പറഞ്ഞു. ലളിതകലാ അക്കാദമിയിലെ ചിത്രകാരന്മാര്‍ പടച്ചുവിടുന്ന ചിത്രങ്ങള്‍ അതേപടി ലോട്ടറിയില്‍ ഉള്‍പ്പെടുത്തുകയാണ്. കേരളത്തിലെ ഹൈന്ദവ വിശ്വാസികള്‍ വ്രതം നോറ്റ് ആഘോഷിക്കുന്ന തിരുവാതിര ഉത്സവത്തോടനുബന്ധിച്ചു തന്നെ ഹൈന്ദവരെയും ശിവഭഗവാനെയും അവഹേളിക്കുന്ന ചിത്രം ലോട്ടറിയില്‍ അച്ചടിച്ചു വന്നതില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍, എസ്എന്‍ഡിപി യോഗം നേതാവ് ഹാര്‍ബര്‍ വിജയന്‍, കെപിഎംഎസ് നേതാവ് അനില്‍കുമാര്‍, സമിതി മേഖലാ സെക്രട്ടറി വെള്ളായണി ഭുവനചന്ദ്രന്‍, മാതൃസമിതി ജില്ലാ സെക്രട്ടറി അജിത തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് മഹിളാ ഐക്യവേദിയുടെ നേതൃത്വത്തില്‍ വിവാദ ലോട്ടറി നറുക്കെടുപ്പ് നടത്തുന്ന ഗോര്‍ഖി ഭവനിലേക്ക് നടക്കുന്ന മാര്‍ച്ച് മുന്‍ ഡിജിപിയും നഗരസഭാ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ ഉദ്ഘാടനം ചെയ്യും.
മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം അടക്കമുള്ള ഭാരവാഹികള്‍ പങ്കെടുക്കും.














