രാമകൃഷ്ണ മഠവും മിഷനും ലോകത്തെമ്പാടുമുള്ള വേദാന്ത സൊസൈറ്റികളും എല്ലാവര്‍ഷവും ജനുവരി ഒന്നിന് കല്പതരു ദിനമായി ആചരിക്കുന്നു. 1886 ജനുവരി ഒന്നിന് ശ്രീരാമകൃഷ്ണ പരമഹംസര്‍ തന്റെ അവതാര രഹസ്യം വെളിപ്പെടുത്തിയ ദിനമാണിത്. അദ്ദേഹം ദക്ഷിണേശ്വരത്തു വച്ച് ഭക്തര്‍ക്ക് അപൂര്‍വ്വ ദര്‍ശനം നല്‍കുകയും അവരുടെ ആത്മീയ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തതിന്റെ സ്മരണയിലാണ് ദിനാചരണം. ഭക്തര്‍ അനുഭവിച്ച ആത്മീയ നിറവിനെ അവര്‍ കല്പവൃക്ഷത്തിന്റെ അനുഗ്രഹത്തോട് ഉപമിച്ചതിനാലാണ് ഈ ദിവസം കല്‍പതരു ദിനമെന്ന് നാമകരണം ചെയ്യപ്പെട്ടത്.
ശ്രീരാമകൃഷ്ണ ദേവന് തൊണ്ടയില്‍ അര്‍ബുദം ബാധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിശ്രമം വേണമെന്ന് നിര്‍ദ്ദേശിച്ചു. അപപ്പോള്‍ പാനിഹാട്ടി എന്ന സ്ഥലത്ത് ഒരു വൈഷ്ണവ ഉത്സവം നടക്കുന്നുണ്ടായിരുന്നു. ശ്രീരാമകൃഷ്ണ ദേവന്‍ അവിടെ പോകാറുണ്ടായിരുന്നു. അതിനാല്‍ ഇത്തവണ ശിഷ്യരുമൊത്ത് പോകാന്‍ തീരുമാനിച്ചു. അവിടെ ഭക്തിഗാനാലാപനത്തിന് ഒപ്പം ഭക്തര്‍ നൃത്തം ചെയ്യും. ദേവന് തൊണ്ട വേദന കലശലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും സമാധിസ്ഥന്‍ ആകാതെ നോക്കണമെന്നും ഡോക്ടര്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ അവിടേക്കു ഭഗവാന്‍ പോകുന്നതില്‍ ശിഷ്യര്‍ക്ക് തീരെ താല്‍പ്പര്യം ഉണ്ടായില്ല. ഭഗവാനോ പോകണമെന്ന നിര്‍ബന്ധവും. വലിയ ആള്‍ക്കൂട്ടമായിരുന്നു അവിടെ. ഭക്തിമൂര്‍ച്ഛയില്‍ എല്ലാം മറന്ന് ഭഗവാന്‍ അവരോടൊപ്പം ചേര്‍ന്നു. അതോടെ അദ്ദേഹത്തിന് അസുഖം കൂടുതലായി. ശിഷ്യര്‍ അദ്ദേഹത്തെ ചികിത്സാര്‍ത്ഥം ദക്ഷിണേശ്വരത്തു നിന്ന് ബാഗ്ബസാറിലെ ഭക്തനായ ബലറാം ബസുവിന്റെ വീട്ടിലേക്ക് താത്ക്കാലികമായി കൊണ്ടുവന്നു. എന്നാല്‍ ബലറാം ബസുവിന്റെ വീട്ടില്‍ ഭക്തരും ശിഷ്യരുമായി ധാരാളം ആളുകള്‍ വന്നുതുടങ്ങി. അത് ആ കുടുംബത്തിന് ബുദ്ധിമുട്ടായാലോ എന്നു കരുതി മറ്റൊരു വീട് അന്വേഷിക്കാന്‍ തുടങ്ങി. ശ്യാം ബസാറിലാണ് പുതിയ വീട് തരപ്പെട്ടത്. എന്നാല്‍ ആ വീടും പരിസരവും ഭഗവാന് തീരെ ഇഷ്ടമായില്ല. എങ്കിലും അങ്ങോട്ട് മാറി. അവിടെ ഇടുങ്ങിയ മുറികളും ഒരു ശൗചാലയവും മാത്രം. ഭഗവാന്റെ ആഹാരകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ശാരദാദേവിയെ ഈ വീട്ടിലേക്ക് കൊണ്ടുവരാന്‍ തീരുമാനമായി. എന്നാല്‍ സൗകര്യക്കുറവുകള്‍ മൂലം വേറൊരു വീട് ഭക്തര്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ കാശിപൂര്‍ എന്ന സ്ഥലത്ത് ഒരു വീട് തരപ്പെട്ടു. വിസ്താരമുള്ള മുറികള്‍, വിശാലമായ പൂന്തോട്ടം വിശാലമായ വളപ്പ്, വീടിന് മുന്നില്‍ വലിയ കുളം, യാത്രാസൗകര്യം ഇങ്ങനെ എല്ലാംകൊണ്ടും എല്ലാവര്‍ക്കും വീട് ഇഷ്ടമായി. ഭഗവാനും സന്തോഷമായി.
അദ്ദേഹത്തിനു ചികിത്സ തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍ ആരോഗ്യ നില അനുദിനം വഷളായിവന്നു. ശിഷ്യരും ഭക്തരും മാറിമാറി അദ്ദേഹത്തെ ശുശ്രൂഷിച്ചു. ഭഗവാന്‍ അനങ്ങാന്‍ വയ്യാത്ത വിധം കിടപ്പായ അവസ്ഥയില്‍ സന്ദര്‍ശകരെ വിലക്കി. ആര്‍ക്കും അദ്ദേഹത്തെ തൊടാന്‍ അനുവാദം നല്‍കിയില്ല. അങ്ങനെയിരിക്കെ 1886 ജനുവരി ഒന്നിന് ഉച്ചക്ക് ഭഗവാന്‍ കിടക്കവിട്ട് എഴുന്നേറ്റ് സാവധാനം മുറ്റത്തേക്ക് ഇറങ്ങി. മാവിന്‍ ചുവട്ടില്‍ ഭക്തര്‍ രോഗസ്ഥിതി അറിയാന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ ഇടയിലേക്ക് ഭഗവാന്‍ എത്തി. ഭഗവാനെ കണ്ടതും അദ്ദേഹത്തെ സ്പര്‍ശിച്ചു കൂടാ എന്നത് മറന്ന് ഭക്തര്‍ നമസ്‌ക്കരിക്കുകയും തൊടുകയും ചെയ്തു.
‘നിങ്ങള്‍ സാക്ഷാത്കൃതരാകൂ’ എന്ന് ഭഗവാന്‍ പറഞ്ഞു. ഭക്തര്‍ അദ്ദേഹത്തിന്റെ പാദധൂളി തൊട്ടെടുക്കാനും ജയ് ശ്രീരാമകൃഷ്ണ എന്ന് ആര്‍ത്തുവിളിക്കാനും തുടങ്ങി. അവരില്‍ ഓരോരുത്തരെയും ഭഗവാന്‍ സ്പര്‍ശിച്ചു. ഭഗവാന്റെ സ്പര്‍ശനമാത്രയില്‍ത്തന്നെ
ചിലര്‍ക്ക് ആനന്ദമൂര്‍ഛ ഉണ്ടായി. ചിലര്‍ക്ക് ഗാഢധ്യാനത്തിനുള്ള ശക്തി ലഭിച്ചതായി തോന്നി. ശ്രീരാമകൃഷ്ണ ദേവന്‍ താന്‍ ഒരു അവതാര പുരുഷനാണെന്ന് ആദ്യമായി അന്ന് അവരോടു വെളിപ്പെടുത്തി. ഈ ദിവസം ശ്രീരാമകൃഷ്ണ ദേവന്‍ തന്റെ ശിഷ്യരെയും ഭക്തരെയും സ്‌നേഹത്തോടെ സമീപിക്കുകയും അവരുടെ ആത്മീയാഭിലാഷങ്ങള്‍ തിരിച്ചറിഞ്ഞ് അനുഗ്രഹം നല്‍കുകയും ചെയ്തു. ‘നിങ്ങള്‍ക്ക് ആദ്ധ്യാത്മിക ഉണര്‍വ് ഉണ്ടാകട്ടെ’ എന്ന് അനുഗ്രഹിച്ചു.
അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാ ഭക്തര്‍ക്കും ഈശ്വരസാക്ഷാത്ക്കാരം ലഭിച്ചു. ഓരോരുത്തരും അവനവന്റെ ഇഷ്ടദേവതയെ ശ്രീരാമകൃഷ്ണ ദേവനില്‍ ദര്‍ശിച്ചു. അങ്ങനെ ഭഗവാന്‍ അവര്‍ക്കെല്ലാം ‘കല്‍പതര്‍’ ആയി. ഈ ദിവ്യദിനത്തിന്റെ ഓര്‍മ്മയിലാണ് ജനുവരി ഒന്ന് ശ്രീരാമകൃഷ്ണ ഭക്തര്‍ കല്‍പതരു ദിനമായി ആചരിക്കുന്നത്.
പുരാണങ്ങളിലെ കല്‍പതരു ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ദിവ്യവൃക്ഷമാണ്. അതുപോലെ തന്നെ ശ്രീരാമകൃഷ്ണ ദേവന്‍ തന്റെ സാന്നിധ്യത്തിലൂടെ ഭക്തരുടെ ആത്മീയാഭിലാഷങ്ങള്‍ നിറവേറ്റുന്ന ജീവനുള്ള കല്പതരുവായി മാറി. അദ്ദേഹത്തിന്റെ ദര്‍ശനം, ഉപദേശം, അനുഗ്രഹം എന്നിവ ഭക്തരുടെ ആത്മീയജീവിതത്തില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിച്ചു. ഈ ദിനത്തില്‍ ഭഗവാന്‍ ഏവരെയും സ്‌നേഹത്തോടെ സ്വീകരിക്കുകയും ആത്മീയോന്നമനത്തിലേക്ക് നയിക്കുകയും ചെയ്തു. എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കാണ് നയിക്കുന്നത് എന്ന അദ്ദേഹത്തിന്റെ ഉപദേശം ഈ ദിനത്തിന്റെ ആത്മാവായി മാറി. ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഒരു കല്പതരു ഒളിഞ്ഞിരിക്കുന്നുവെന്ന് ശ്രീരാമകൃഷ്ണദേവന് അറിയാമായിരുന്നു. സ്‌നേഹവും കരുണയും ത്യാഗവും വളര്‍ത്തുമ്പോള്‍ നാം ഓരോരുത്തരും മറ്റുള്ളവര്‍ക്ക് കല്പതരു ആയി മാറുന്നു. അദ്ദേഹത്തിന്റെ ദര്‍ശനത്തില്‍ ഈശ്വരനെ ആരാധിക്കുന്നതിനുള്ള ഉത്തമ മാര്‍ഗം സഹജീവിസേവയാണ്. അതിനാല്‍ കല്പതരു ദിനം ആത്മിയതക്കൊപ്പം സാമൂഹ്യ സേവന ദിനമായും ആചരിക്കുന്നു. ഭൗതിക ആഗ്രഹങ്ങളേക്കാള്‍ ആത്മബോധോദയമാണ് യഥാര്‍ത്ഥ അനുഗ്രഹം എന്ന സ്ത്യമാണ് ശ്രീരാമകൃഷ്ണദേവന്‍ സ്വജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചത്. ഇന്നും അദ്ദേഹം ഭക്തകോടികള്‍ക്ക് കല്‍പതരുവായി അനുഗ്രഹം ചൊരിയുന്നു.















