ശ്രീനഗര്‍: നുഴഞ്ഞുകയറ്റ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ‘ഓപ്പറേഷന്‍ സാര്‍ഡ് ഹവ’ (തണുത്ത കാറ്റ്) എന്ന പേരില്‍ സുരക്ഷാനടപടികള്‍ ആരംഭിക്കാന്‍ അതിര്‍ത്തി സുരക്ഷാസേന (ബിഎസ്എഫ്) ഒരുങ്ങുന്നു. കശ്മീര്‍ അതിര്‍ത്തിയിലെ ഉയര്‍ന്ന ഭൂപ്രദേശങ്ങളിലും, ജമ്മുവിലെ സുപ്രധാന സുരക്ഷാ കേന്ദ്രങ്ങളിലും തുടങ്ങി രാജസ്ഥാനിലെ വിശാലമായ മരുഭൂമി വരെയുള്ള ഭാരത-പാക് അതിര്‍ത്തിയിലും, നിയന്ത്രണ രേഖയിലും അനധികൃത നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍, കള്ളക്കടത്ത് തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എഫ് വാര്‍ഷിക ശൈത്യകാല സുരക്ഷാ പ്രവര്‍ത്തനമായ ഓപ്പറേഷന്‍ സാര്‍ഡ് ഹവ ആരംഭിക്കുന്നത്.
അടുത്ത മാസത്തോടെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി അതിര്‍ത്തിക്കടുത്തുള്ള സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജനുവരി അവസാനം വരെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















