ധാക്ക: ഇന്ത്യയും മ്യാൻമറുമായുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ ബംഗ്ലാദേശ് സൈനിക തയ്യാറെടുപ്പ് ശക്തിപ്പെടുത്താൻ തുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബംഗ്ലാദേശ് വ്യോമസേന തുർക്കിയിൽ നിന്ന് സിരിറ്റ് സെമി-ആക്ടീവ് ലേസർ-ഗൈഡഡ് മിസൈലുകൾ വാങ്ങാൻ ഒരുങ്ങുന്നതായാണ് വിവരം. ഇതിൽ മൾട്ടി പർപ്പസ് വാർഹെഡുകൾ ഉൾപ്പെടുന്നുണ്ട്.
പ്രധാനമായും സ്മാർട്ട് ലേസർ-ഗൈഡഡ് മിസൈലുകളുടെ ഒരു ശേഖരം വികസിപ്പിക്കാൻ ബംഗ്ലാദേശ് ഉദ്ദേശിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭാവിയിൽ തുർക്കിയിൽ നിന്നും കരയിൽ പ്രവർത്തിക്കുന്ന കവചിത വാഹനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും സ്വന്തമാക്കാനും ബംഗ്ലാദേശ് പദ്ധതിയിടുന്നുണ്ട്.
നേരത്തെ തുർക്കിയിൽ നിന്ന് ബംഗ്ലാദേശ് ഇതിനകം തന്നെ ബെയ്‌രക്തർ ടിബി-2 ഡ്രോണുകൾ വാങ്ങിയിട്ടുണ്ട്. ഇന്ത്യൻ അതിർത്തികൻ നിരീക്ഷിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. നോർത്ത് ഈസ്റ്റ് ന്യൂസിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഇപ്പോൾ ബംഗ്ലാദേശ് പ്രതിരോധ മന്ത്രാലയം ഒരു ടെൻഡർ നടത്തിയിട്ടുണ്ടെന്നും ഇത് തുർക്കിയുടെ സിരിറ്റ് ആയുധ സംവിധാനത്തിനായിരിക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തുർക്കി കമ്പനിയായ റോക്കെസ്താനാണ് ഈ മിസൈൽ നിർമ്മിക്കുന്നത്.
സിരിറ്റ് ലേസർ-ഗൈഡഡ് മിസൈലുകൾ വളരെ കൃത്യമായ ആക്രമണങ്ങൾക്ക് പ്രാപ്തമാണ്. കൂടാതെ സായുധ ഹെലികോപ്റ്ററുകൾക്ക് വളരെ താങ്ങാനാവുന്നതുമാണ്. ഈ മിസൈലുകൾക്ക് നിശ്ചലമോ ചലിക്കുന്നതോ ആയ കവചിത വാഹനങ്ങളും ആയുധമില്ലാത്ത ലക്ഷ്യങ്ങളും നശിപ്പിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
കൂടാതെ ബംഗ്ലാദേശിന്റെ സൈനിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ലേസർ-ഗൈഡഡ് മിസൈലുകൾ വളരെ ഉപയോഗപ്രദമാകുമെന്ന് ബംഗ്ലാദേശ് പ്രതിരോധ വൃത്തങ്ങൾ പറയുന്നു. വായുവിൽ നിന്ന് ഉപരിതലത്തിലേക്കും ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കും ആക്രമണങ്ങൾക്കായി സിരിറ്റ് മിസൈൽ പരീക്ഷിച്ചിട്ടുണ്ട്. കൊലയാളി ഡ്രോണുകളിലും ആക്രമണ ഹെലികോപ്റ്ററുകളിലും തുർക്കി ഇത് പരീക്ഷിച്ചു വിജയിച്ചതാണ്.
റിപ്പോർട്ടുകൾ പ്രകാരം തുർക്കിയിൽ നിന്ന് കുറഞ്ഞത് ആറ് T-129 ATAK ആക്രമണ ഹെലികോപ്റ്ററുകളെങ്കിലും വാങ്ങാൻ ബംഗ്ലാദേശ് വ്യോമസേന ആഗ്രഹിക്കുന്നുണ്ട്. ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഇതിനു പുറമെ വളരെ ശക്തമായി കണക്കാക്കപ്പെടുന്ന നാലാം തലമുറ യൂറോഫൈറ്റർ ജെറ്റുകൾ വാങ്ങാനും ബംഗ്ലാദേശ് പദ്ധതിയിടുന്നുണ്ട്.
അതേ സമയം ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം മുഹമ്മദ് യൂനുസിന്റെ ഭരണത്തിൻ കീഴിൽ ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങളിലെത്തുകയാണ്. പാകിസ്ഥാൻ തുർക്കിയിൽ നിന്നും വലിയ തോതിൽ ആയുധങ്ങൾ വാങ്ങുന്നുണ്ട്. എന്നാൽ ഇത് ദക്ഷിണേഷ്യയിൽ ആയുധങ്ങൾ വിറ്റ് വരുമാനം ഉണ്ടാക്കാനുള്ള ഒരു പ്രധാന അവസരമായിട്ടാണ് തുർക്കി പ്രസിഡന്റ് എർദോഗൻ കാണുന്നത്.
















