തിരുവനന്തപുരം: നാലരപ്പതിറ്റാണ്ടിലേറെയായി ഇടതുമുന്നണി ഭരിക്കുന്ന തലസ്ഥാന നഗരസഭയുടെ കെട്ടിടങ്ങള്‍ വാടകയ്‌ക്കു നല്‍കുന്നതില്‍ വന്‍ ക്രമക്കേടുകളെന്ന വിവരങ്ങള്‍ പുറത്ത്. ഇടത് ഭരണസമിതികളുടെ കാലത്ത് കോര്‍പ്പറേഷനിലെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് മേയര്‍ വി.വി രാജേഷ് നിര്‍ദേശം നല്‍കി. കോര്‍പ്പറേഷന്റെ അധീനതയിലുള്ള മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകള്‍ കൈമാറി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് രേഖകള്‍ പരിശോധിക്കാന്‍ ഭരണ നേതൃത്വം തീരുമാനിച്ചത്.
ശാസ്തമംഗലത്തുള്ള കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ് കെട്ടിടം പത്ത് വര്‍ഷത്തോളമായി കയ്യടക്കിവച്ചിരിക്കുന്ന വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ പ്രശാന്ത് നടത്തിയ അവകാശവാദങ്ങളാണ് കെട്ടിടങ്ങള്‍ വാടകയ്‌ക്ക് നല്‍കുന്നതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന കാര്യം ബോധ്യപ്പെട്ടത്. അതോടെ ഇടത് ഭരണത്തിന്‍ കീഴില്‍ കെട്ടിടങ്ങള്‍ വാടകയ്‌ക്കു നല്‍കിയതിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ പുതിയതായി ഭരണത്തിലെത്തിയ ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതി ശ്രമം ആരംഭിച്ചത്.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്‌ളക്‌സുകള്‍, മാര്‍ക്കറ്റുകള്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ മുതലായവ തുച്ഛമായ തുകയ്‌ക്ക് കരാറെടുത്ത ശേഷം ഉയര്‍ന്ന തുകയ്‌ക്ക് മറിച്ചു നല്‍കുകയാണ് ചെയ്യുന്നതെന്നും യഥാര്‍ത്ഥ വാടക്കാരല്ല ഇപ്പോള്‍ ഇവ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പല വാണിജ്യ സ്ഥാപനങ്ങളും കുടുംബ സ്വത്തുപോലെ തലമുറകള്‍ കൈമാറി അനുഭവിച്ചുവരികയാണ്. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കാതെ രഹസ്യ വാടക കരാറിന്റെ മറവില്‍ അനര്‍ഹര്‍ നേടിയെടുത്തിട്ടുണ്ട്. വളരെ തുശ്ചമായ തുകയ്‌ക്കാണ് കെട്ടിടങ്ങളുടെ വാടക ലേലം നടക്കുക. ഇതു പലപ്പോഴും പൊതുജനം അറിയുക പോലുമില്ല.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 13 അംഗങ്ങളുണ്ടായിരുന്ന ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ബിജെപിക്കായിരുന്നു മേധാവിത്വം. അപ്പോഴാണ് ക്രമക്കേട് ബിജെപിക്ക് ബോധ്യമായത്. പക്ഷേ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി എതിരഭിപ്രായം രേഖപ്പെടുത്തുന്ന ഫയലുകള്‍ പോലും സ്റ്റാന്‍ഡിങ് കമ്മറ്റിയെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായി കൗണ്‍സില്‍ പാസ്സാക്കുന്നത് സ്ഥിരം സംഭവമായിരുന്നു. ബിജെപി അംഗങ്ങള്‍ പലപ്പോഴും ഇതിനെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ഭരണപക്ഷം അവയെല്ലാം അവഗണിക്കുകയായിരുന്നു.
















