തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചെന്നും പിണറായി സര്‍ക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വോട്ടിംഗ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ശരിയായ രാഷ്‌ട്രീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ കൂടുതല്‍ സീറ്റുകള്‍ ഇടതുപക്ഷമുന്നണിയ്‌ക്ക് തിരിച്ച് പിടിക്കാം.മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. കള്ള പ്രചാരവേലയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫും ബിജെപിയും വോട്ട് തേടിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വികസന നേട്ടങ്ങൾ ജനങ്ങൾ തിരിച്ചറിയാതിരിക്കാൻ വർഗീയ പ്രചരണത്തിലൂടെ വോട്ടു പിടിക്കാൻ ശ്രമിച്ചെന്നും തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41 വാർഡിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്താകെ ഇതേ അവസ്ഥയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
















