കോഴിക്കോട്: ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഫറോക്ക് സ്വദേശി ജബ്ബാറിന്റെ ഭാര്യ മുനീറയാണ് മരിച്ചത്. വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
ഫറോക്ക് കരുവൻതിരുത്തി കോതാർതോട് ചരമ്മൽ തൊടി കളത്തിങ്ങൽ അബ്ദുൾ ഖാദറിന്റെ മകളാൺ! സി.ടി. മുനീറ (31) ആണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ഫാറൂഖ് കോളേജ് പാണ്ടികശാല റോഡിൽ മക്കാട്ട് കമ്പിളിപ്പുറത്ത് അബ്ദുൾ ജബ്ബാറിനെ (40) പോലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. പ്രതിക്കെതിരെ മുൻപും ഭാര്യയെ ആക്രമിച്ചതിന് കേസുണ്ട്. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് കൊല്ലപ്പെട്ട മുനീറയുടെ ബന്ധുക്കളുടെ ആരോപണം.
ബുധനാഴ്ച രാവിലെ 9.30-നാണ് ആക്രമണം ഉണ്ടായത്. മുനീറ, പ്രദേശത്തെ സൂപ്പർമാർക്കറ്റിൽ ജോലിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്. ലഹരി വാങ്ങാൻ പണമില്ലെന്നറിഞ്ഞതോടെ മുറി അടച്ചിട്ടശേഷം അബ്ദുൾ ജബ്ബാർ മുനീറയെ വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തലയ്‌ക്കു പിന്നിലും ചെവിയിലും പുറത്തുമായി നാലുതവണയാണ് വെട്ടിയത്. മുനീറയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന ആറും എട്ടും വയസ്സുള്ള കുട്ടികളും ഭർത്തൃമാതാവും ആർത്തുകരഞ്ഞു. ഇതുകേട്ട് ഓടിയെത്തിയ അയൽക്കാരാണ് വീട്ടിലെത്തി, അടച്ചിട്ട മുറി കുത്തിത്തുറന്ന് മുനീറയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഒരുവർഷം മുൻപും ജബ്ബാർ ഭാര്യയ്‌ക്കുനേരേ ആക്രമണം നടത്തിയിരുന്നതായാണ് വിവരം. അന്ന് മുനീറയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇരുവരും വിവാഹബന്ധം വേർപിരിയുന്ന ഘട്ടംവരെയെത്തി. എന്നാൽ, പിന്നീട് മക്കളെ ഓർത്ത് മുനീറതന്നെ ജബ്ബാറിനൊപ്പം വീണ്ടും താമസിക്കാൻ തയ്യാറാവുകയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
















