നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് പ്രധാമന്ത്രി കിസാൻ സമ്മാൻ നിധി. രാജ്യത്തെ ചെറുകിട കർഷകർക്ക് 2000 വീതം മൂന്നു ഗഡുക്കളായി വർഷത്തിൽ 6000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണിത്. കേരളത്തിൽ 35 ലക്ഷം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഇടനിലക്കാരെ ഒഴിവാക്കി ഗുണഭോക്താക്കളുടെ ബാങ്ക് അകൗണ്ടിലേക്ക് കേന്ദ്രസർക്കാർ നേരിട്ടാണ് നാല് മാസത്തിലൊരിക്കൽ തുക എത്തിക്കാറ്.
തുടക്കത്തിൽ പദ്ധതി ആനുകൂല്യത്തിനായി ഓൺലൈനിൽ നേരിട്ട് അപേക്ഷ നൽകിയാൽ മതിയായിരുന്നെങ്കിലും കർഷകരുടെ ആധികാരികത ഉറപ്പാക്കാൻ സംസ്ഥാനങ്ങളിലെ കൃഷിവകുപ്പുകൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. കേരളത്തിൽ കതിർ എന്ന് പേരുള്ള ഓൺലൈൻ സംവിധാനമാണ് സംസ്ഥാന സർക്കാർ ഇതിനായി തയ്യാറാക്കിയിരുന്നത്. കർഷകരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് ഡീറ്റെയിൽസും വെരിഫൈ ചെയ്യുക മാത്രമാണ് കതിർ ആപ് മുഖേന സംസ്ഥാന കൃഷിവകുപ്പ് ചെയ്തിരുന്നത്. എന്നാൽ കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കളുടെ ഭൂമി സംബന്ധമായ വിവരങ്ങൾ പരിശോധിക്കാൻ 2025ൽ അഗ്രിസ്റ്റാക്ക് ആപ്പിൽ റജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന റവന്യൂ വകുപ്പ് 2025ൽ തീരുമാനിച്ചു.
2019ൽ നിലവിൽ വന്ന പദ്ധതിയായതിനാൽ കിസാൻ സമ്മാൻ നിധിക്ക് അപേക്ഷ നൽകുമ്പോൾ 2018 – 2019 സാമ്പത്തിക വർഷത്തെ ഭൂനികുതി രസീത് അന്നും ഇന്നും നിർബന്ധമാണ്. പദ്ധതി ആനുകൂല്യം ലഭിക്കാൻ ആളുകൾ ഭൂമി ഭാഗം വെച്ച് സർക്കാരിനെ കബളിപ്പിക്കാൻ സാധ്യതയുണ്ടെന്നതിനാലാണ് ഈ നിബന്ധന കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. പക്ഷെ ഭൂവുടമ മരണപ്പെട്ടാൽ ഭാര്യയുടെയടക്കം മുതൽപേർ പേരിൽ ഒടുക്കുന്ന നികുതി രസീത് ഉണ്ടായാൽ ആനുകൂല്യം നൽകാമെന്ന് കേന്ദ്രം വ്യവസ്ഥ ചെയ്തിരുന്നു. കേരള സംസ്ഥാന സർക്കാരിന്റെ അഗ്രിസ്റ്റാക്ക് രജിട്രേഷനിൽ പക്ഷെ ഇത്തരം നികുതി രസീതുകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്നില്ല.
സ്വാഭാവികമായും കിസാൻ സമ്മാൻ നിധി ഗുണഭോക്ത്താക്കൾ വർഷാവർഷം ചെയ്യേണ്ടുന്ന ലാൻഡ് വെരിഫികേഷൻ നടപടിയിൽ ഭൂവുടമ മരണപ്പെട്ടതിനാൽ ഭാര്യ മുതൽപേരിൽ ഒടുക്കിയ നികുതി രസീതിയിൽ വർഷത്തിൽ 6000 രൂപ ലഭിച്ചിരുന്ന കർഷകർക്ക് ഇനിയത് ലഭിക്കാതെ വരും. കേരളത്തിൽ 10 ലക്ഷത്തിലധികം കർഷകർക്കെങ്കിലും ഇതിനാൽ മേലിൽ കിസാൻ സമ്മാൻ നിധി ലഭിക്കില്ല. സ്വാഭാവികമായും സംസ്ഥാന സർക്കാരിന്റെ ഈ നീക്കം അറിയാത്ത ഗുണഭോക്താക്കൾ നരേന്ദ്ര മോദി സർക്കാരിനെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും കുറ്റപ്പെടുത്തും.
















