പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ദിണ്ടിഗല്‍ സ്വദേശി ഡി. മണിയില്‍ തട്ടി വഴിമാറുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മണിയുടെ പങ്ക് ഇതുവരെ വെളിവായിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തപ്പോള്‍ ഡി. മണി എന്ന വ്യക്തിയെ അറിയില്ലെന്നാണ് പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചിത്രം കാട്ടിയപ്പോള്‍ ഡി. മണിയും തിരിച്ചറിഞ്ഞില്ല. എന്നാല്‍ പോറ്റിയും വിഗ്രഹ കടത്തില്‍ മണിയുടെ ഇടനിലക്കാരന്‍ എന്നു കരുതുന്ന വിരുദനഗര്‍ സ്വദേശി ശ്രീകൃഷ്ണനും തമ്മില്‍ ബന്ധമുണ്ടെന്നതാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ ലഭിച്ച വിവരം.
പ്രവാസി വ്യവസായി നല്‍കിയ വിവരങ്ങളില്‍ വ്യക്തത വരുത്തണമെങ്കില്‍ മണി, ഉണ്ണികൃഷ്ണന്‍ പോറ്റി, ശ്രീകൃഷ്ണന്‍ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം പോറ്റിയില്‍ നിന്നും സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധനുമായോ, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുമായോ മണിക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയാല്‍ മാത്രമേ മണിയെ സ്വര്‍ണക്കൊള്ള കേസുമായി നേരിട്ടു ബന്ധിപ്പിക്കാനാവൂ. ഇതിനായി ഇവരുടെയെല്ലാം ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ എസ്‌ഐടി പരിശോധിക്കുന്നുണ്ട്.
2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്തുള്ള ഹോട്ടലില്‍ ഡി. മണിക്കും ഉണ്ണികൃഷ്ണന്‍ പോറ്റിക്കുമൊപ്പം വിഗ്രഹ വില്‍പ്പനയ്‌ക്ക് ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ഉന്നതന്‍ ആരാണെന്നതും അറിയണം.
മണിയുടെ ഇടപാടുകളും പൊടുന്നനേയുള്ള വളര്‍ച്ചയും ഏറെ ദുരൂഹമാണെന്ന കാര്യം എസ്‌ഐടിക്കും വ്യക്തമായിട്ടുണ്ട്. പക്ഷേ മണിയുടെ വിഗ്രഹക്കടത്തും ശബരിമല സ്വര്‍ണക്കൊള്ളയും തമ്മില്‍ നേരിട്ടു ബന്ധം കണ്ടെത്തിയാലേ ഇപ്പോഴുള്ള കേസില്‍ ഗുണം ചെയ്യൂ എന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അല്ലാത്തപക്ഷം വിഗ്രഹക്കടത്തില്‍ പ്രത്യേക കേസെടുക്കാനേ കഴിയൂ. അതിനും എസ്‌ഐടിക്ക് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്.
സ്വര്‍ണക്കൊള്ള അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച അധിക സമയം അവസാനിക്കാന്‍ ഇനി രണ്ടാഴ്‌ച്ചയേ ബാക്കിയുള്ളൂ. ഡി. മണിക്കു പിന്നാലേ കൂടുതല്‍ സമയം ചെലവിടണോ എന്നതിലും അന്വേഷണ സംഘത്തിനു വ്യക്തതയില്ല.
ദ്വാരപാലക ശില്‍പ്പത്തില്‍ നിന്നും 2019 ആഗസ്ത് 29ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍, 2020-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ ഗോവര്‍ദ്ധന് വിറ്റ 474 ഗ്രാം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. തൊണ്ടി മുതലിന്റെ ബാക്കി എവിടെ എന്ന ചോദ്യം ബാക്കി. തൊണ്ടിമുതല്‍ മണിക്ക് കൈമാറിയിട്ടുണ്ടോ എന്ന ചോദ്യത്തിലും എസ്‌ഐടിക്കു വ്യക്തത വരുത്തിയേ മതിയാകൂ.
















