ശാസ്ത്രലോകത്തെ ആ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചത് ഫ്രാന്‍സ് എന്ന രാജ്യം പ്രായോഗിക തലത്തിലുള്ള ആദ്യത്തെ വൈദ്യുത ഹൈവേ വഴിയിലൂടെ ഓടിച്ചുപോവുന്ന ഇലക്ട്രിക് കാറുകള്‍ക്കും ലോറികള്‍ക്കും ഇരുചെവിയറിയാതെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ലോകത്തെ ആദ്യ വൈദ്യുത ഹൈവേ. വയര്‍ലസ് സാങ്കേതിക വിദ്യയാണ് വാഹനങ്ങളിലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുക. പാരീസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ എ-10 മോട്ടോര്‍വേയിലാണ് കൃത്യം ഒന്നരകിലോമീറ്റര്‍ മാത്രം നീളത്തിലുള്ള ഈ ‘ചാര്‍ജിങ് റോഡ്.’
ഇതൊരു പൈലറ്റ് പദ്ധതിയാണെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗുസ്താവ് എഫല്‍ യൂണിവേഴ്‌സിറ്റി പറയുന്നു. പക്ഷേ സംഗതി ഗംഭീര വിജയം. സാധാരണ ചാര്‍ജിങ് കേന്ദ്രങ്ങളില്‍ ‘ടെസ്‌ല’ ചാര്‍ജു ചെയ്യുന്നതിന്റെ നാലിരട്ടിയിലേറെ ചാര്‍ജ് കയറും. ഏതാണ്ട് 300 കിലോ വാട്ട് വരെ. ചാര്‍ജ് ആസ് യു ഡ്രൈവ് (ഓടുമ്പോള്‍ ചാര്‍ജ് ചെയ്യുക) എന്ന് പേരിട്ട പദ്ധതിയുടെ പിന്നില്‍ ‘ഡൈനമിക് വയര്‍ലസ് ഇന്‍ഡക്ഷന്‍’ എന്ന സാങ്കേതിക വിദ്യയാണത്രെ പ്രവര്‍ത്തിക്കുന്നത്.
സാമ്പത്തികമായും സാങ്കേതികമായും പരിസ്ഥിതി സംബന്ധമായും ഈ വൈദ്യുത വഴികള്‍ വലിയൊരു കുതിച്ചുചാട്ടമാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന മലിനവാതകങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഈ പദ്ധതിക്ക് കഴിയും. അതുമൂലം കാലാവസ്ഥാ മാറ്റത്തെയും ആഗോള താപനത്തെയും നിയന്ത്രിക്കാനും ഫ്രാന്‍സിന്റെ മൊത്തം മലിനവാതകത്തിന്റെ 16 ശതമാനം ഉത്‌സര്‍ജനവും വാഹനങ്ങളില്‍ നിന്നാണ്. ദൂരയാത്രക്കുള്ള ട്രക്കുകളുടെ ബാറ്ററിയുടെ വലിപ്പവും ഭാരവും കുറയ്‌ക്കാന്‍ വയര്‍ലസ് ചാര്‍ജിങ് സഹായിക്കും. ഇടക്കിടെ ചാര്‍ജ് ചെയ്യാന്‍ വേണ്ടി നിര്‍ത്തിയിടേണ്ടി വരുന്ന മിനക്കേടും സമയനഷ്ടവും ഇല്ലാതാവുകയും ചെയ്യും. ഇതൊക്കെ സംഭവിക്കണമെങ്കില്‍ ഈ പദ്ധതി ദേശവ്യാപകമായി നടപ്പില്‍ വരണമെന്നു മാത്രം.
ടാര്‍ ചെയ്ത അസ്ഫാള്‍ട്ട് പാളിയുടെ അടിയില്‍ സ്ഥാപിച്ച ചെമ്പു ചുരുളുകളാണ് വൈദ്യുതി സന്നിവേശിപ്പിക്കുന്നതിന്റെ മുഖ്യ ഘടകം. അവയെ വഴിയോരത്തെ പവര്‍-മാനേജ്‌മെന്റ് യൂണിറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. വാഹനം കടന്നുവരുമ്പോള്‍ കണ്ടറിയുന്ന വൈദ്യുത വഴിയിലെ വൈദ്യുത പ്രവാഹം കാന്തിമണ്ഡലത്തിലൂടെ വാഹനത്തിലെ ബാറ്ററിയിലേക്ക് വയര്‍ലസ് മാര്‍ഗത്തിലൂടെ പ്രവഹിക്കും. അത് ബാറ്ററിയെ ടോപ്പ് അപ്പ് ചെയ്യും. 2035 ഓടെ ചുരുങ്ങിയത് പതിനായിരം കിലോമീറ്റര്‍ റോഡുകളെങ്കിലും ശരിപ്പെടുത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിലൂടെ വലിയൊരളവ് കാര്‍ബണ്‍ മാലിന്യത്തെ പിടിച്ചുനിര്‍ത്താനാവുമെന്നും.
വിന്‍സി ഓട്ടോ റൂട്ട്‌സ്, ഇലക്ട്രിയോണ്‍, ഗുസ്താവ് എഫല്‍ സര്‍വകലാശാല എന്നിവരുടെ സംയുക്ത സംരംഭമാണ് ഈ ‘ചാര്‍ജിങ് റോഡ്’ പദ്ധതി മഴയും വെയിലും ചൂടും തണുപ്പും ഈ പദ്ധതിയെ ബാധിക്കില്ല. ”വൈദ്യുത വഴിയുടെ വികസനത്തില്‍ ഒരു സുപ്രധാന മുഹൂര്‍ത്തമാണിത്. ഈ വിജയം ഫ്രാന്‍സില്‍ ആയിരക്കണക്കിന് വൈദ്യുത വഴികളുടെ ജനനത്തിന് വഴിയൊരുക്കും. തുടര്‍ന്ന് യൂറോപ്പിലാകമാനം വ്യാപിക്കും.” പ്രോജക്ടിന്റെ മുഖ്യ സൂത്രധാരിത്വം വഹിക്കുന്ന ഇലക്ട്രിയോണിന്റെ സിഇഒ ഓറന്‍ ഈസര്‍ പറയുന്നു. അതുകൊണ്ടാവണം ജര്‍മ്മനി, ഇറ്റലി, ബവേറിയ, യുഎസ്എ, ചൈന, ദക്ഷിണ കൊറിയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ രംഗത്ത് ഗൗരവമായ ഗവേഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
പക്ഷേ പറയുന്നത്ര എളുപ്പമല്ല, ചാര്‍ജ് ചെയ്യുന്ന വൈദ്യുത വഴികളുടെ നിര്‍മാണം. അവയുടെ സ്ഥാപനം, പ്രകടനം, അറ്റകുറ്റപ്പണി, ജീവിതകാലം, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ ഗൗരവമായി അപഗ്രഥിക്കേണ്ട വിഷയങ്ങളാണ്. ഇതിന്റെയൊക്കെ ചെലവ് ആര് വഹിക്കണമെന്നതും ആയത് വാഹനങ്ങളില്‍ നിന്ന് എപ്രകാരം ഈടാക്കണമെന്നതും ഒക്കെ രാജ്യങ്ങള്‍ വിലയിരുത്തി വരുന്നു.
കടലിലെ കാര്‍ബണ്‍ കരയിലെ പ്ലാസ്റ്റിക്
ഭൂമിയിലെ ഏറ്റവും വലിയ കാര്‍ബണ്‍ പത്തായം ഏതാണെന്ന ചോദ്യത്തിന് കടല്‍ എന്ന ഒരേയൊരുത്തരം മാത്രമേയുള്ളൂ. അന്തരീക്ഷത്തിന് കഴിയുന്നതിനെക്കാളും 140 ഇരട്ടിയിലധികം കാര്‍ബണ്‍ കടല്‍ എന്ന കാര്‍ബണ്‍ പത്തായ (കാര്‍ബണ്‍ സിങ്ക്) മാണ് ഉള്‍ക്കൊള്ളുന്നത്. പക്ഷേ കാര്‍ബണിനെ ഉള്‍ക്കൊള്ളാനുള്ള കടലിന്റെ കഴിവും കുറഞ്ഞുവരുകയാണത്രേ. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വര്‍ധിക്കുന്നതിനനുസരിച്ച് കടലിന് അംമ്ല സ്വഭാവം കൈവരുന്നു. അത് ജലജീവികളില്‍ പലതിന്റെയും ജീവിതത്തിന് ഭീഷണിയാവുന്നു. കടലിലെ ഭക്ഷ്യ വ്യവസ്ഥക്കുതന്നെ അതൊരു ഭീഷണിയായിമാറുന്നു.
അതുകൊണ്ടാണ് കടലിലെ കാര്‍ബണിനെ പുറത്തെടുത്ത് നിര്‍വീര്യമാക്കുന്നതിനെക്കുറിച്ച് ഒരുപറ്റം ശാസ്ത്രജ്ഞര്‍ ആഴത്തില്‍ ചിന്തിക്കുന്നത് കടലിലെ കാര്‍ബണെ വലിച്ചെടുത്ത് ജൈവവിഘടനത്തിന് വിധേയമായ പ്ലാസ്റ്റിക്കിനെ നിര്‍മ്മിച്ചെടുക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് പറ്റിയ ഒരു യന്ത്രം തത്വത്തില്‍ അവര്‍ രൂപപ്പെടുത്തുകയും ചെയ്തു. ചൈനയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്‌ട്രോണിക് സയന്‍സസ് ആന്റ് ടെക്‌നോളജി, ഷാന്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാന്‍സ്ഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളാണ് ഈ യന്ത്രസംവിധാനം രൂപപ്പെടുത്തിയത്.
യന്ത്രത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്- ഒരു ഇലക്‌ട്രോ കെമിക്കല്‍ റിയാക്ടറിന്റെ സഹായത്തോടെ കടല്‍വെള്ളത്തില്‍ ലയിച്ചിരിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ വലിച്ചെടുക്കുക, അതിനെ ബിസ്മിത്ത് അടിസ്ഥാനമായുള്ള ഒരു രാസതത്വത്തിന്റെ സഹായത്തോടെ ഫോര്‍മിക് ആസിഡാക്കി മാറ്റുക; കൃത്രിമമായി രൂപപ്പെടുത്തിയെടുത്ത ഒരു ബാക്ടീരിയത്തെ ഉപയോഗിച്ച് ഫോര്‍മിക് ആസിഡിനെ പുൡപ്പിച്ച് സക്‌സിനിക് ആസിഡ് ആക്കി മാറ്റുക… പൊളിബ്യൂട്ടിലിന്‍ സക്‌സിനേറ്റ് അടക്കമുള്ള ജൈവവിഘടനം നടക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിര്‍മാണത്തിലെ അടിസ്ഥാന ഘടകമാണ് സക്‌സിനിക് ആസിഡ്. കടലിന്റെ അമ്ലവത്കരണം തടയുന്നതിനും ഫോസില്‍ ഇന്ധനങ്ങളെ നിയന്ത്രിക്കുന്നതിനും ഈ യന്ത്ര സംവിധാനം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രത്യാശ.
യന്ത്രം 22 ദിവസം പ്രവര്‍ത്തിപ്പിച്ച് 177 ലിറ്റര്‍ കടല്‍വെള്ളത്തില്‍നിന്ന് 65 കിലോ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉല്‍പാദിപ്പിച്ചുവത്രെ. ഒരു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പാദിപ്പിക്കുന്നതിന് കേവലം മൂന്ന് കിലോവാട്ട് വൈദ്യുതി മാത്രമാണ് വേണ്ടിവന്നതെന്ന് ചൈനക്കാരായ ഗവേഷകര്‍ പറയുന്നു. പറയുന്നത് ചൈനക്കാരാണെങ്കിലും പദ്ധതി പ്രായോഗികമായി വിജയിച്ചാല്‍ കാലാവസ്ഥാമാറ്റത്തിനെതിരെ പോരാടുന്ന ലോകരാഷ്‌ട്രങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുമെന്നതിന് സംശയമില്ല.
















