പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി ഡി. മണി കോടികളുടെ ആസ്തികള്‍ സമ്പാദിച്ചത് വെറും ഏഴു വര്‍ഷം കൊണ്ട്. ഓട്ടോ ഡ്രൈവറായി ജീവിതമാരംഭിച്ച ഇയാള്‍ ഇന്ന് ഡയമണ്ട് മണി, എം.എസ്. മണി, എം. സുബ്രഹ്‌മണ്യം എന്നിങ്ങനെ വിവിധ പേരുകളിലാണ് ഉന്നതര്‍ക്കിടയില്‍ അറിയപ്പെടുന്നത്.
ദിണ്ടിഗല്‍ സ്വദേശി ബാലമുരുകന്‍ എന്ന തയ്യല്‍ക്കട ഉടമയെ കരുവാക്കിയാണ് വിഗ്രഹക്കടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഡി. മണി നടത്തിയത്. മണിയെ തേടി എസ്‌ഐടി ആദ്യം ബാലമുരുകന്റെ വീട്ടിലാണ് എത്തിയത്. ബാലമുരുകന്റെ പേരിലുള്ള സിം കാര്‍ഡാണ് ഡി. മണി ഉപയോഗിക്കുന്നത് എന്ന സത്യം എസ്‌ഐടി തിരിച്ചറിഞ്ഞത് അപ്പോള്‍ മാത്രം.
ഡി. മണിക്കായി ചില റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇടനില നിന്നത് ബാലമുരുകനാണ്.
മണിയുടെ ആവശ്യപ്രകാരമാണ് ബാലമുരുകന്‍ തന്റെ സിം കാര്‍ഡ് അയാള്‍ക്ക് നല്‍കിയത്. ബാലമുരുകനില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മണിയുടെ സ്ഥാപനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. മണിക്കു പുറമേ വിരുദുനഗര്‍ സ്വദേശി ശ്രീകൃഷ്ണന്‍ എന്ന വ്യക്തിയേയും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ അന്വേഷണം നടക്കുന്നത്. മൂന്ന് മൊബൈല്‍ ഫോണുകളാണ് മണി ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു ഫോണ്‍ പോലും അയാളുടെ ആധാര്‍ നമ്പറില്‍ ഇല്ല എന്നത് ദുരൂഹമാണ്. അധോലോക പ്രവൃത്തികള്‍ പൊതുജനങ്ങളില്‍ നിന്നും മറയ്‌ക്കാന്‍ മണി ഒരുക്കിയ കവചമാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍.
2020 ഒക്ടോബര്‍ 26ന് ഡി. മണി എവിടെയായിരുന്നു എന്നതില്‍ വ്യക്തത വരുത്താനാണ് എസ്‌ഐടി ശ്രമിക്കുന്നത്. ഇതിനായി ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. എസ്‌ഐ ടിക്ക് രഹസ്യ മൊഴി നല്‍കിയ പത്തനംതിട്ട പന്തളം സ്വദേശിയായ വിദേശ വ്യവസായിയോട് കൂടുതല്‍ കാര്യങ്ങളും എസ്‌ഐടി തിരക്കുന്നുണ്ട്.
ശ്രീകൃഷ്ണന്റെ ഫോണ്‍ നമ്പരുകളും പരിശോധനാവിധേയമാക്കും. ഉണ്ണികൃഷ്ണന്‍ പോറ്റി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരുടെ ഫോണ്‍ നമ്പരുകളിലേക്ക് മണിയോ ശ്രീകൃഷ്ണനോ ബന്ധപ്പെട്ടിരുന്നോ എന്നതില്‍ വ്യക്തത വരുത്താനാണിത്.
ഡി. മണിക്ക് പിന്നില്‍ തമിഴ്‌നാട് രാഷ്‌ട്രീയത്തിലെ ഉന്നതര്‍ ആരെങ്കിലും ഉണ്ടൊ എന്ന സംശയവും എസ്‌ഐടിക്കുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇയാള്‍ ബന്ധം സ്ഥാപിച്ച മാര്‍ഗവും കണ്ടെത്തേണ്ടതുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിട്ടുണ്ടെന്ന് മണി സമ്മതിച്ചിട്ടുണ്ട്. ആ വഴിയാണോ പരിചയം എന്നാണ് അറിയേണ്ടത്.
താന്‍ സാധാരണക്കാരനാണെന്നും സ്വര്‍ണക്കടത്തുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് മണി മാധ്യമങ്ങളോടു പറഞ്ഞത്. ദിണ്ടിഗലില്‍ തിരക്കൊഴിഞ്ഞ ഭാഗത്ത് സ്‌കൂട്ടറില്‍ എത്തിയാണ് തന്റെ നിരപരാധിത്വം വ്യക്തമാക്കാന്‍ ഇയാള്‍ ശ്രമിച്ചത്.
വിലപിടിപ്പുള്ള കാറുകള്‍ ഉണ്ടായിട്ടും സ്‌കൂട്ടറില്‍ എത്തിയത് താന്‍ സാധാരണക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് എന്നു വ്യക്തം. ശബരിമലയിലും അച്ഛന്റെ മരണാനന്തരകര്‍മത്തിനും വന്നതല്ലാതെ കേരളവുമായി ഒരു ബന്ധവുമില്ല. സുഹൃത്തായ ബാലമുരുകന്റെ പേരിലുള്ള സിം കാര്‍ഡാണ് ഉപയോഗിക്കുന്നത്. അയാളും സാധാരണക്കാരനാണ്. വിരുദുനഗര്‍ സ്വദേശി ശ്രീകൃഷ്ണനുമായി ഒരു ബന്ധവുമില്ല. അയാളെ അറിയുകയുമില്ല. താന്‍ അത്രവലിയ കാശുകാരനല്ലെന്നും ജീവിതം ആത്മഹത്യയുടെ വക്കിലാണെന്നുമാണ് മണി മാധ്യമങ്ങളോട് പറഞ്ഞത്.
















