കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി ബി.ജെ.പി അധികാരത്തിലേക്ക്. കേരളത്തിലെ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് നെടുവത്തൂർ ഗ്രാമപഞ്ചായത്ത്.
നെടുവത്തൂര്‍ പഞ്ചായത്തിലെ ആദ്യത്തെ ബി.ജെ.പി പ്രസിഡന്‍റായാണ് വിദ്യ വി അധികാരമേറ്റത്. ഗ്രാമപഞ്ചായത്തിലെ 8 സീറ്റുകൾ നേടിക്കൊണ്ട് ബിജെപി പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയായിരുന്നു.
വിദ്യയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പില്‍ ഇത് ഹാട്രിക് വിജയമാണ്. ഇത് മൂന്നാം തവണയാണ് വിദ്യ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2010-ൽ ആണ് പഞ്ചായത്തിലെ ആദ്യ ബി.ജെ.പി മെമ്പറായി വിദ്യ വിജയിച്ചത്. 2025ല്‍ എത്തിയതോടെ അതേ പഞ്ചായത്തിലെ ആദ്യ ബി.ജെ.പി പ്രസിഡന്‍റായി വിദ്യ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.
















