ബ്രസ്സല്‍സ് : അടുത്ത രണ്ട് വര്‍ഷത്തേക്ക് 9000 കോടി യൂറോ ഉക്രൈന് ആയുധങ്ങള്‍ വാങ്ങാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി നല്‍കാന്‍ യൂറോപ്യൻ യൂണിയൻ. ഇതോടെ റഷ്യയുമായുള്ള യുദ്ധം മുന്നോട്ട് കൊണ്ടുപോവുക തന്നെയാണ് യൂറോപ്യന്‍ യൂണയന്റെ ലക്ഷ്യമെന്ന് വ്യക്തമാവുകയാണ്. പുടിനെ വീഴ്‌ത്തുക എന്ന ഗൂഢപദ്ധതി തന്നെയാണ് യൂറോപ്യന്‍ യൂണിയന്‍ ഉയര്‍ത്തിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
നേരത്തെ റഷ്യ ബെല്‍ജിയത്തിലെ കേന്ദ്രബാങ്കില്‍ നല്‍കിയിരിക്കുന്ന കരുതല്‍ ധനമായ 21000 കോടി യൂറോ പിടിച്ചെടുത്ത് ഉക്രൈന് നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു. അങ്ങിനെ ചെയ്താല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ റഷ്യയില്‍ നിക്ഷേപിച്ച ആസ്തിയും യൂറോപ്പിലെ കമ്പനികളുടെ മുഴുവന്‍ ആസ്തിയും പിടിച്ചെടുക്കുമെന്ന് പുടിന്‍ ഭീഷണി മുഴക്കി. തങ്ങളുടെ കേന്ദ്രബാങ്കില്‍ നിക്ഷേപിച്ച റഷ്യയുടെ കരുതല്‍ ധനമായ 21000 കോടി യൂറോ നല്‍കാന്‍ പറ്റില്ലെന്ന് ബെല്‍ജിയവും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് യൂറോപ്യന്‍ യൂണിയന്‍ ഇതില്‍ നിന്നും പിന്തിരിഞ്ഞത്. പകരം സ്വന്തം പോക്കറ്റില്‍ നിന്നുള്ള 9000 കോടി യൂറോ ആണ് ഇപ്പോള്‍ ഉക്രൈന് നല്‍കുന്നത്.
റഷ്യയുടെ എണ്ണക്കപ്പലുകള്‍ തുടര്‍ച്ചയായി തകര്‍ക്കുകയാണ് ഉക്രൈന്‍. ഇത് റഷ്യയ്‌ക്ക് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ ഒരു വിമാനവും തകര്‍ത്തു. ഇതോടെ റഷ്യയുമായുള്ള യുദ്ധത്തില്‍ നിന്നും പിന്തിരിയാന്‍ ഒരുക്കമല്ലെന്ന സന്ദേശം തന്നെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കുന്നത്.
യുക്രൈയ്ന് ഇളവില്ല, യൂറോപ്പിന് ഭീഷണി
അതേ സമയം പുടിന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉക്രൈനെതിരെ ആഞ്ഞടിച്ചു. ഉക്രൈന് ഇളവുകളില്ലെന്ന് പുടിന്‍ പ്രഖ്യാപിച്ചു. ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറാണെന്നും ഉക്രൈനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ അതുവരെ യുദ്ധം നിർത്തിവയ്‌ക്കാമെന്നും വ്ലദീമീർ പുടിൻ അറിയിച്ചു.
സെലൻസ്കി നിയമാനുസൃതമായല്ല പ്രസിഡന്‍റായിരിക്കുന്നത് എന്ന അഭിപ്രായക്കാരനാണ് പുടിന്‍. ഉക്രൈനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തിയാൽ സെലൻസ്കി തോൽക്കുമെന്ന പ്രതീക്ഷയാണ് പുടിന്‍ വെച്ചുപുലര്‍ത്തുന്നത്. സെലന്‍സ്കി. തോറ്റാൽ റഷ്യൻ അനുകൂലിയായ ഒരാളെ പ്രസിഡന്‍റാക്കാം എന്ന പ്രതീക്ഷയും സെലന്‍സ്കി വെച്ചുപുലര്‍ത്തുന്നു. നേറ്റോയില്‍ അംഗത്വമെടുക്കണമെന്ന ഉക്രൈന്‍ ആവശ്യം അതോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നും പുടിന്‍ കരുതുന്നു.
















