പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ ആള്‍ക്കൂട്ട കൊലയില്‍ രണ്ടു കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍. കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ വിനോദ്കുമാര്‍ (54), ജഗദീഷ്‌കുമാര്‍ (49) എന്നിവരെയാണ് ക്രൈംബ്രാഞ്ചും വാളയാര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാലക്കാട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പത്തുപേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. 17ന് വൈകിട്ടാണ് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണ്‍ ഭാഗേല്‍ കൊല്ലപ്പെട്ടത്. രാംനാരായണന്‍ ഭാഗേല്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാള്‍ ആയിരുന്നിട്ടും കേസില്‍ നേരത്തെ നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരുന്നത്. ഇന്നലെയാണ് പോലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയത്. എസ് സി-എസ്ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103(2) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
റിമാന്‍ഡില്‍ കഴിയുന്ന അഞ്ചുപ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം ഇന്ന് അപേക്ഷ നല്‍കിയേക്കും.











