മുംബൈ: പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കേസില്‍ തനിക്ക് നീതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും സഹായം അഭ്യര്‍ത്ഥിച്ച് അധോലോക കുറ്റവാളി ഹാജി മസ്താന്റെ മകള്‍ ഹസീന്‍ മസ്താന്‍ മിര്‍സ.
ശൈശവ വിവാഹം, ലൈംഗിക ചൂഷണം, സ്വത്ത് തട്ടിയെടുക്കല്‍ എന്നിവ തനിക്കു നേരെയുണ്ടായി. അതിനാല്‍ തനിക്ക് നീതി ഉറപ്പാക്കണമെന്ന് ഹസീന്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചു.
1996ല്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് അമ്മയുടെ സഹോദരന്റെ മകനുമായി നിര്‍ബന്ധിച്ച് വിവാഹം നടത്തി. അയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. തന്റെ പേരുപയോഗിച്ച് സ്വത്തുക്കളും തട്ടിയെടുത്ത് കൊല്ലാന്‍ ശ്രമിച്ചു. എട്ട് പേരെ വിവാഹം ചെയ്തതിന് ശേഷമാണ് അയാള്‍ തന്നെ വിവാഹം ചെയ്തത്. ഇതിനെതിരെയെല്ലാം പരാതി നല്‍കിയിട്ടുണ്ടെന്നും ഹസീന്‍ അറിയിച്ചു.
കരുതലും സുരക്ഷയും ആവശ്യമായിരുന്ന കുട്ടിക്കാലത്തെല്ലാം ഒട്ടേറെ പീഡനങ്ങള്‍ക്കിരയായി, ഒറ്റപ്പെട്ടു. പിതാവ് മരിച്ചതു പോലും രണ്ട് വര്‍ഷത്തിന് ശേഷമാണ് അറിഞ്ഞത്. ദുരിത ജീവിതം മൂലം മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു.
പ്രധാനമന്ത്രിയും അമിത് ഷായും ഇടപെട്ട് തനിക്ക് നീതി ലഭ്യമാക്കണം. തന്റെ കേസില്‍ അച്ഛന്റെ പേര് വലിച്ചിഴയ്‌ക്കരുതെന്നും ഹസീന്‍ പറഞ്ഞു. അദ്ദേഹം മരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതെല്ലാം സംഭവിക്കുന്നത്. തന്റെ പോരാട്ടമാണിത്, അവര്‍ പറഞ്ഞു.
അതേസമയം രാജ്യത്ത് മുത്തലാഖ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രി നടത്തിയ നീക്കങ്ങള്‍ പ്രശംസനീയമാണ്. ഇസ്ലാമില്‍ മുത്തലാഖ് ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിനെതിരെ നിയമം കൊണ്ടുവന്നത് മുസ്ലിം സ്ത്രീകള്‍ക്ക് ആശ്വാസമായി. ലൈംഗിക കുറ്റകൃത്യങ്ങളിലും നിര്‍ബന്ധിത വിവാഹങ്ങളിലും നീതി നടപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ കൊണ്ടുവരണമെന്നും ഹസീന്‍ കൂട്ടിച്ചേര്‍ത്തു.
















