ദേവാലയങ്ങളുടെ സാമീപ്യത്തെപ്പറ്റി ധാരാളം പേർ സംശയമുന്നയിക്കാറുണ്ട്. ഉഗ്രദേവതകളുടെ അതായത് ഭദ്രകാളി, ശിവൻ തുടങ്ങിയവരുടെ വലത്ത് മുമ്പിൽ ഗൃഹം പണിയാൻ പാടില്ല. ഇടത്തു പിന്നിലാണ് ഗൃഹം ഉത്തമം. അതുപോലെ തന്നെ വിഷ്ണു, ദുർഗ മുതലായ സാത്വിക ദേവതകളുടെയാണെങ്കിൽ ഇടത്തു പിന്നില്‍ പാടില്ല. വലത്ത് മുമ്പിൽ ഗൃഹനിർമാണം നടത്തുന്നതാണ് ഉത്തമം.
ക്ഷേത്രത്തിന്റെയടുത്ത് ക്ഷേത്രത്തിനേക്കാൾ ഉയരത്തിൽ മാളിക പണിയാൻ പാടില്ല. അതു ദോഷം ചെയ്യുമെന്നാണ് ശാസ്ത്രം പറയുന്നത്. ശ്രീകോവിലിന്റെ താഴികക്കുടം അടക്കമുള്ള ഉയരമാണ് ക്ഷേത്രത്തിന്റെ ഉയരമെന്നുള്ളതുകൊണ്ടുദ്ദേശിക്കുന്നത്. പുതിയതായി വീടു വാങ്ങുമ്പോൾ ആ വസ്തുവിൽ പണ്ട് സർപ്പക്കാവുണ്ടായിരുന്നതായി അറിഞ്ഞാൽ ആ ഭാഗം ഒഴിച്ച് വാങ്ങുകയോ, അല്ലെങ്കിൽ അതിനെ വേണ്ടവിധത്തിൽ കർമങ്ങൾ നടത്തി മാറ്റിക്കൊണ്ടുപോകുവാനോ ഉള്ള സംവിധാനമുണ്ടാക്കുകയോ വേണം.















