ശില്‍പ്പികളാണിവര്‍ നാട്ടരങ്ങത്തൊരു
ജീവിതശില്‍പ്പം പടുത്തുയര്‍ത്തുന്നവര്‍
അവരര്‍ദ്ധനഗ്‌നരാണെങ്കിലും ഭൂമിതന്‍
നഗ്‌നത പാടേ മറച്ചുപിടിപ്പവര്‍
അവരാണു കര്‍ഷകര്‍; ജീവിത വറുതിയോ-
ടങ്കമാടുന്നവര്‍ നാട്ടുപോരാളികള്‍
ഉര്‍വ്വിതന്‍ സ്വപ്‌നങ്ങള്‍ വന്ധ്യമാകാതെയീ-
യുര്‍വ്വിയെ പുഷ്പിണിയാക്കിടുന്നോര്‍
ശ്യാമവര്‍ണ്ണോജ്ജ്വലം നിങ്ങളെന്നാകിലും
മണ്ണില്‍ നിറയ്‌ക്കുന്നു സപ്തവര്‍ണ്ണോജ്ജ്വലം
ചാലിട്ടൊഴുകുന്ന വേര്‍പ്പിന്റെ തുള്ളിയാല്‍
നാടിന്റെ നാഡിയില്‍ രക്തം പടര്‍ത്തുവോര്‍
അരുണോദയത്തിന്റെ കിരണങ്ങളൊക്കെയും
ചക്രവാളത്തെയുണര്‍ത്തുന്നതിന്‍മുന്നേ
കേള്‍ക്കുന്നു നാട്ടകം നിങ്ങളുയര്‍ത്തുന്ന
തേക്കുപാട്ടിന്റെയായീണവും താളവും
ഉഴുതുമറിച്ചൊരീ മണ്ണില്‍ വിതയ്‌ക്കുന്ന
വിത്തിന്നുമുളപൊട്ടിയിലവന്നു പൂവന്നു
കതിര്‍വന്നു ചാഞ്ഞുലഞ്ഞാടുമ്പോള്‍
നിറയുന്നു നിങ്ങള്‍തന്‍ നെഞ്ചകത്തുത്സവം
മൂര്‍ദ്ധാവിലുറവയായ് നാസികത്തുമ്പിലൂ-
ടിറ്റിറ്റു വീഴുന്ന വേര്‍പ്പിന്റെയുപ്പിനാല്‍
സ്വപ്‌നം വിളഞ്ഞൊരാ കതിരായ കതിരൊക്കെ
കൊയ്തു മെതിച്ചവര്‍ നാളത്തെ നാടിന്റെ
പശിയടക്കീടുവാനറനിറച്ചീടുന്ന പോരാളികള്‍
അവരാണു കര്‍ഷകര്‍; കര്‍മ്മപഥങ്ങളില്‍
സമയകാലത്തിന്റെ താളമില്ലാത്തവര്‍
അവരാണു കര്‍ഷകര്‍; കര്‍മ്മഫലങ്ങളില്‍
ജാതി മത വര്‍ഗ്ഗ ചിന്തയില്ലാത്തവര്‍
ഉദരംനിറച്ചുകൊണ്ടുലകങ്ങള്‍ചുറ്റിയീ
കുളിരുള്ള സ്വപ്‌നങ്ങള്‍ കണ്ടിടുമ്പോള്‍
തോളത്തു താങ്ങിയൊരായുധം പേറിയാ
കര്‍ഷകര്‍ പായുന്നു പോരാട്ട ഭൂമിയില്‍
















