തിരുവനന്തപുരം: പൊളിറ്റിക്കലി കറക്ടായി സംസാരിക്കുക എന്ന പെരുമാറ്റശൈലി ശ്രീലേഖ ഐപിഎസിന്റെ ഡിക്ഷ്ണറിയില്‍ ഇല്ല. എന്താണോ ഉള്ളില്‍ ഉള്ളത് അത് തുറന്നുപറയുന്നതാണ് രീതി. അല്ലെങ്കില്‍ നടന്‍ ദിലീപിന് കോടതിയുടെ അനുകൂല വിധിയുണ്ടായ ദിവസം ദിലീപിന് അനുകൂലമായി ഒരു യൂട്യൂബ് ചാനലില്‍ വിശദമായി സംസാരിച്ചത് ശ്രീലേഖ ഐപിഎസിന് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്ന് പലരും കരുതിയിരുന്നു.
കാരണം ശ്രീലേഖ മത്സരിക്കുന്ന ശാസ്തമംഗലം വാര്‍ഡിലെ വോട്ടര്‍മാര്‍ ശ്രീലേഖയെ സ്ത്രീവിരുദ്ധയായി ചിത്രീകരിക്കുമോ എന്നതായിരുന്നു പലരുടെയും ഭയം. പക്ഷെ ആ ഭയം ശ്രീലേഖയ്‌ക്കില്ലായിരുന്നു. “ദീലിപിന്റെ കേസില്‍ ഞാന്‍ എത്തിച്ചേരുന്നതുവരെ ഞാന്‍ അതിജീവിതയുടെ ഭാഗത്തായിരുന്നു. പക്ഷെ ദിലീപിനെ കണ്ട് സംസാരിച്ചപ്പോള്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടു. അതോടെ എന്നെ മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടി. ദിലീപിന് ഞാന്‍ കിടക്ക നല്‍കി, കരിക്ക് നല്‍കി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉണ്ടായി.ഈ കേസ് തീരാന്‍ പോകുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ദിലീപിനെ മനപൂര്‍വ്വം അതില്‍ കുടുക്കിയിടുക എന്നതായിരുന്നു ഉദ്ദേശ്യം. കേസ് തീര്‍ന്നാല്‍ ചീട്ടുകൊട്ടാരം പോലെ ദിലീപിനെതിരെ കെട്ടിപ്പൊക്കിയതെല്ലാം പൊളിഞ്ഞുപോകും. അതാണ് ഇപ്പോള്‍ സംഭവിച്ചത്.”- അന്നത്തെ യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ ശ്രീലേഖ ഐപിഎസ് സംസാരിച്ച വാക്കുകള്‍ ആണിത്.
ഡിസംബര്‍ എട്ടിനാണ് ദിലീപിന് അനുകൂലമായ കോടതി വിധി വന്നത്. ഡിസംബര്‍ ഒമ്പതിനാണ് തിരുവനന്തപുരം ജില്ലയിലെ വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ തലേനാള്‍ ഇങ്ങിനെ ഒരു ഇന്‍റര്‍വ്യൂ അപകടമാകുമെന്ന് തന്നെയാണ് പലരും കരുതിയത്. “പണ്ട് എല്ലാവരും പറഞ്ഞു ശ്രീലേഖയെ അറസ്റ്റ് ചെയ്യും. ശ്രീലേഖയെ ചോദ്യം ചെയ്യും എന്നൊക്കെ. പക്ഷെ ആരും എന്നെ ഒന്നും ചെയ്തില്ലല്ലോ. കാരണം അവര്‍ക്കറിയാം ശ്രീലേഖ പറയുന്നത് നൂറ് ശതമാനവും സത്യമാണെന്ന്. ഞാന്‍ ജയില്‍ ഡിജിപി ആയിരുന്നപ്പോഴാണ് ദിലീപ് എന്ന പ്രതിയെ കാണുന്നത്. ദിലീപുമായി സംസാരിച്ചപ്പോള്‍ കേസിന്റെ മറ്റു ചില വീക്ഷണകോണുകള്‍ തെളിഞ്ഞുവന്നു. ഏത് കേസ് വന്നാലും അതിന്റെ എതിര്‍വശം കൂടി ചിന്തിക്കുന്ന വ്യക്തിയാണ് ഞാന്‍. മിറര്‍ ഇമേജ് (Mirror Image) എന്ന് പറയും. അങ്ങിനെ ചിന്തിക്കുമ്പോള്‍ കൂറെ പുതിയ കാര്യങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരും. ദിലീപിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. പിന്നീട് പല പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത് കേട്ടു, ദിലീപിനെതിരെ തെളിവുണ്ടാക്കാന്‍ പലതും ഞങ്ങള്‍ കെട്ടിച്ചമച്ചു എന്ന്.. ഇതുകൂടിയായപ്പോഴാണ് ഈ കേസ് ഞാന്‍ കൂടുതല്‍ ആഴത്തില്‍ പഠിച്ചത്. അപ്പോഴാണ് ദിലീപ് ഈ കേസില്‍ കുറ്റക്കാരനല്ലെന്ന് മനസ്സിലായത്.”- ശക്തമായി വെട്ടിത്തുറന്നാണ് ശ്രീലേഖ ഐപിഎസ് ഈ ദിലീപ് കേസിനെക്കുറിച്ച് സംസാരിച്ചത്.
തന്ത്രപരമായി നിലപാട് എടുത്ത് നില്‍ക്കാന്‍ കഴിയുന്ന ആളല്ല ശ്രീലേഖ ഐപിഎസ്. സ്വാഭാവികമായി പെരുമാറുക എന്നതാണ് അവരുടെ ശൈലി. എന്തായാലും ശാസ്തമംഗലത്തെ ജനങ്ങള്‍ക്ക് ഈ നേതാവിനെ ഇഷ്ടമായി അവര്‍ അനുകൂലമായി വോട്ട് ചെയ്തു. ഇടത് മുന്നണിയുടെ അമൃതയ്‌ക്ക് 708 വോട്ടുകള്‍ മാത്രം കിട്ടിയപ്പോള്‍ ശ്രീലേഖയ്‌ക്ക് ലഭിച്ചത് 1774 വോട്ടുകള്‍. ഏകദേശം ആയിരത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷം.
















