കോട്ടയം: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള തിരുവാതിര കളിയില്‍ പങ്കെടുക്കാന്‍ എത്തുന്ന സ്ത്രീകള്‍ യാത്രയും ഭക്ഷണവും താമസവും സ്വന്തം ചെലവില്‍ വഹിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശത്തില്‍ മഹിളാ ഐക്യവേദി പ്രതിഷേധിച്ചു.
കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ ഒന്നായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന തിരുവാതിര കളിയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കി കൊടുക്കേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിന്റേതാണ്. സ്ത്രീ സൗഹൃദവും സുരക്ഷയും പ്രസംഗിക്കുന്ന സര്‍ക്കാര്‍ അവരോട് കാണിക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണ്.
ഇൗ ബോര്‍ഡാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രത്തില്‍ നിന്ന് 10 കോടി കൊടുത്തത്. അത് സംരക്ഷിക്കാന്‍ ദേവസ്വത്തില്‍ നിന്ന് തന്നെ പണം എടുത്ത് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടത്തുന്നു.
സ്വന്തം രാഷ്‌ട്രീയ താത്പര്യം അനുസരിച്ചു പണം ധൂര്‍ത്തടിക്കുന്നവരാണ് ഭക്തരായ അമ്മമാര്‍ക്ക് വേണ്ടുന്ന സൗകര്യം ചെയ്തു കൊടുക്കാത്തതെന്നും മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍, ജനറല്‍ സെക്രട്ടറി ജമുന കൃഷ്ണ കുമാര്‍ എന്നിവര്‍ പറഞ്ഞു.
















