ന്യൂദല്‍ഹി: ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2035ല്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ പിന്നെ അയോധ്യ രാമക്ഷേത്രത്തെയും സുവര്‍ണക്ഷേത്രത്തെയും കാശിവിശ്വനാഥക്ഷേത്രത്തെയും ഒന്നും ശത്രുക്കള്‍ക്ക് തൊടാനേ കഴിയില്ല. ഏത് തരം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെയും തകര്‍ത്തെറിയാന്‍ കഴിയുന്ന ഒന്നായിരിക്കും 2035ല്‍ പൂര്‍ത്തിയാവുന്ന ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര എന്ന വ്യോമപ്രതിരോധ സംവിധാനം. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഏത് ശത്രുവിന്റെ ആകാശത്തിലൂടെയുള്ള എത് ആക്രമണത്തെയും നിര്‍വ്വീര്യമാക്കാന്‍ പോകുന്നതായിരിക്കും ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര. തന്ത്രപ്രധാനമായ വ്യോമബേസുകള്‍, ഇന്ത്യയുടെ സൈനികകേന്ദ്രങ്ങള്‍, ആയുധസൂക്ഷിപ്പുശാലകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആരാധനലയങ്ങള്‍ എന്നിവയ്‌ക്കെല്ലാം മുകളില്‍ ജാഗ്രതക്കണ്ണുകളോടെ സുദര്‍ശനചക്ര പ്രവര്‍ത്തിക്കും.
റഷ്യയില്‍ നിന്നും വാങ്ങിയ എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനമാണ് ഇപ്പോള്‍ ഇന്ത്യ സുദര്‍ശന ചക്ര എന്ന പേരില്‍ ഉപയോഗിച്ചുവരുന്നത്. പക്ഷെ ഈ എസ് 400ല്‍ ഇന്ത്യ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതിയ ടെക്നോളജികള്‍ കൂട്ടിച്ചേര്‍ത്തപ്പോഴാണ് ശത്രുവിന്റെ ആക്രമണങ്ങളെ തകര്‍ക്കാവുന്ന സംഹാരശക്തിയുള്ള വ്യോമപ്രതിരോധ സംവിധാനമായി റഷ്യ നല്‍കിയ എസ് 400 മാറിയത്. അതായത് നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്സ്, ജിഐ മാപ്പിംഗ് തുടങ്ങിയ ആധുനിക സങ്കേതങ്ങളെ ഇന്ത്യ എസ് 400 നോട് കൂട്ടിച്ചേര്‍ത്തിരുന്നു.ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ പാകിസ്ഥാന്റെ മിസൈല്‍ ആക്രമണങ്ങളെയും ഡ്രോണ്‍ ആക്രമണങ്ങളെയും എസ് 400 എന്ന സുദര്‍ശനചക്ര തകര്‍ത്തിരുന്നു.
ഇന്ത്യയുടെ 15 നഗരങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തെയാണ് ഇന്ത്യയുടെ സുദര്‍ശന്‍ ചക്ര എന്ന എസ് 400 തകര്‍ത്തെറിഞ്ഞത്.
പക്ഷെ ഇപ്പോള്‍ സുദര്‍ശനചക്ര എന്ന പേരില്‍ ഉപയോഗിച്ചുവരുന്ന ഈ എസ് 400നെ കൂടുതല്‍ ഫലപ്രദമായ വ്യോമപ്രതിരോധസംവിധാനമായി പരിഷ്കരിച്ചുകൊണ്ടുള്ളതായിരിക്കും 2035ല്‍ യാഥാര്‍ത്ഥ്യമാവുന്ന പുതിയ സുദര്‍ശന ചക്ര. ഇന്ത്യയുടെ ഈ സ്വന്തം സുദര്‍ശനചക്ര നിര്‍മ്മിക്കുന്നതിനുള്ള മിഷന്‍ സുദര്‍ശനചക്ര എന്ന പദ്ധതി 2035ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഊര്‍ജ്ജമന്ത്രി ശ്രീപാദ് നായിക് പറഞ്ഞു.
2035ല്‍ ഇന്ത്യയ്‌ക്ക് തദ്ദേശീയമായി സൃഷ്ടിച്ച വ്യോമപ്രതിരോധസംവിധാനം ഉണ്ടാകണമെന്നാണ് മോദിയുടെ ആഗ്രഹം. ഇതിനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുദര്‍ശന ചക്ര വികസിപ്പിക്കാന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു ഇടക്കാല പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പത്ത് വര്‍ഷത്തേക്ക് ഒരു പ്രവര്‍ത്തനപദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ വ്യോമ, നാവിക, കര സേനാവിഭാഗങ്ങള്‍ തമ്മില്‍ സഹകരിച്ചായിരിക്കും ഈ വ്യോമപ്രതിരോധസംവിധാനം ഫലപ്രദമായി നിര്‍മ്മിക്കുക. കൃഷ്ണഭഗവാന്റെ സുദര്‍ശനചക്രം പുരാണത്തില്‍ ഏറ്റവും കരുത്തുള്ള ആയുധമാണ്. ഒരു ശക്തിക്കും തടുക്കാന്‍ കഴിയാത്ത ആയുധം. ആ പേരാണ് ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഇന്ത്യ നല്‍കിയിരിക്കുന്നത്.
പുതിയ സുദര്‍ശനചക്ര ദൗത്യത്തില്‍ എല്ലാ ഭാഗങ്ങളും തദ്ദേശീയമായി വികസിപ്പിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. ഇതില്‍ എല്ലാവരേയും പങ്കാളികളാക്കാനും മോദി ആഗ്രഹിക്കുന്നു. ഗവേഷണം നടത്തുന്ന ഐഐടി പോലുള്ള സ്ഥാപനങ്ങള്‍, എച്ച് എഎല്‍, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ്, ഡിആര്‍ഡിഒ പോലുള്ള പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങള്‍, അതുപോലെ ആയുധനിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ എന്നിവരെ മുഴുവന്‍ പങ്കാളിയാക്കി അടുത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കാന്‍ പോകുന്ന സുദര്‍ശനചക്രമാണ് മോദിയുടെ മനസ്സില്‍. ഇത് ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിനെയും യുഎസിന്റെ ശക്തമായ വ്യോമപ്രതിരോധസംവിധാനങ്ങളായ താഡ്, പേട്രിയറ്റ് എന്നിവയെയും റഷ്യയുടെ എസ് 500നേയും വരെ വെല്ലുന്ന ഒന്നായിരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
















