പത്തനംതിട്ട: എരുമേലിയില്‍ നിന്ന് പരമ്പരാഗത കാനനപാത വഴി എത്തുന്നവര്‍ക്ക് ശബരിമല ദര്‍ശനത്തിനുള്ള പ്രത്യേക പാസ് നല്‍കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ പാസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചേ അന്തിമ തീരുമാനം എടുക്കാനാവൂ.
വണ്ടിപ്പെരിയാര്‍ സത്രത്തിലൂടെ സ്‌പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം ആയിരം തീര്‍ത്ഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂ. വിര്‍ച്ച്വല്‍ ക്യൂ വഴി വണ്ടിപെരിയാര്‍- പുല്ലുമേട് പാത തിരഞ്ഞെടുത്ത് ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ബാധകമല്ല.
നിരവധി തീര്‍ത്ഥാടകരാണ് പ്രകൃതിരമണീയമായ പുല്ലുമേട് പാത തിരഞ്ഞെടുക്കുന്നത്. 16 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ളതാണ് പുല്ലുമേട് കാനനപാത. കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും തിരക്ക് കൂടിവരുന്നതേയുള്ളൂ. ഈ വഴിയുള്ള യാത്രയ്‌ക്കിടെ വനത്തില്‍ കുടുങ്ങിപ്പോയ നിരവധി തീര്‍ത്ഥാടകരെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് എത്തിച്ചിരുന്നു. അതിനാല്‍ പൂര്‍ണ്ണ ശാരീരിക ക്ഷമതയുള്ളവര്‍ മാത്രം ഈ പാത തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
















