ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യത്തോടേറ്റ കനത്ത പരാജയത്തിൽ നിന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇപ്പോഴും മോചിതനായിട്ടില്ല. ബുധനാഴ്ച ഷഹബാസ് ഷെരീഫ് വീണ്ടും തന്റെ സൈന്യത്തെക്കുറിച്ച് വീമ്പിളക്കുകയും യുദ്ധസമയത്ത് മോദി സർക്കാരിന് മറക്കാനാവാത്ത പാഠം പാകിസ്ഥാൻ പഠിപ്പിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തു.
ദൽഹി മുതൽ മുംബൈ വരെയുള്ള ഇന്ത്യ ഒരിക്കലും തോൽവി മറക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓപ്പറേഷൻ സിന്ദൂരിലെ പരാജയത്തിൽ പാകിസ്ഥാൻ സർക്കാർ സ്വന്തം രാജ്യത്തിനുള്ളിൽ നിരന്തരം വിമർശനത്തിന് വിധേയമാണ്. ദയനീയ പരാജയത്തിൽ ഇമ്രാൻ ഖാന്റെ പിന്തുണക്കാർ ഷഹബാസ് ഷെരീഫിനെയും ഫീൽഡ് മാർഷൽ അസിം മുനീറിനെയും പരസ്യമായി വിമർശിക്കുന്നുണ്ട്. ഇത് ഷഹബാസ് ഷെരീഫ് സർക്കാരിനെ സമ്മർദ്ദത്തിലാക്കി. ഇതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഈ ന്യായീകരണ പ്രസ്താവനകൾ ഇടയ്‌ക്ക് പുറത്ത് വരുന്നത്.
ഇമ്രാൻ ഖാന്റെയും ടിടിപി തീവ്രവാദികളുടെയും ശക്തികേന്ദ്രമായ ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ
ഷഹബാസ് ഷെരീഫ് പാകിസ്ഥാൻ സൈന്യത്തെക്കുറിച്ച് വീമ്പിളക്കി. ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് പാകിസ്ഥാൻ മോദി സർക്കാരിന് ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിച്ചു. ദൽഹി മുതൽ മുംബൈ വരെ, ഇന്ത്യ ഈ പരാജയം ഒരിക്കലും മറക്കില്ല എന്ന് ഷെരീഫ് പറഞ്ഞു.
ഇതിനു പുറമെ ഖൈബർ പഖ്തൂൺഖ്വയിൽ ടിടിപി ഭീകരർ തുടർച്ചയായി ആക്രമണങ്ങൾ നടത്തുകയും പാകിസ്ഥാൻ സൈനികരെ കൊല്ലുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷഹബാസ് പഷ്തൂണുകളെ പ്രീണിപ്പിക്കാനും മറന്നില്ല. ഇവിടുത്തെ ജനങ്ങൾ വളരെ ധീരരാണെന്നും പതിറ്റാണ്ടുകളായി ഭീകരതയ്‌ക്കെതിരെ പോരാടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മന്ത്രവാദത്തിലൂടെയല്ല, കഠിനാധ്വാനത്തിലൂടെയാണ് തന്റെ സർക്കാർ രാജ്യത്തെ നാശത്തിൽ നിന്ന് രക്ഷിച്ചതെന്ന് ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇമ്രാൻ ഖാന്റെ ഭരണകാലത്ത് മന്ത്രവാദം നടത്തിയതായി ബുഷ്‌റ ബീബിക്കെതിരെ ആരോപണമുണ്ടായിരുന്നു.
അതേ സമയം ഷഹബാസ് രാജ്യത്തെ രക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടാകാം, പക്ഷേ തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും വ്യാപകമാണ്. ചൈന, സൗദി അറേബ്യ, അന്താരാഷ്‌ട്ര നാണയ നിധി എന്നിവയിൽ നിന്ന് വായ്‌പകൾക്കായി പാകിസ്ഥാൻ സർക്കാർ കേണ് അപേക്ഷിക്കുന്നത് നിത്യ കാഴ്ചകളായി മാറുന്നത് മറ്റൊരു സത്യം കൂടിയാണ്.
















