പത്തനംതിട്ട: വടശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് ആണ് പുലർച്ചെ 2 മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തിൽ ഒരാളുടെ കാൽ അറ്റുപോയി. ബസ് കാലിലേക്ക് വീണാണ് കാൽ അറ്റുപോയത്.
49 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 8 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം വടശേരിക്കര – പമ്പ റോഡിൽ അപകടം തുടർക്കഥയാകുകയാണ്. ഈ മണ്ഡലകാലത്ത് മാത്രം നാലാമത്തെ ബസാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.
തിങ്കളാഴ്ച കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേർ മരിച്ചിരുന്നു. തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് കാര്‍ റോഡില്‍നിന്നും മാറ്റിയത്. ഇതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.











