കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിന്റെ ഫൈനല്‍ കണ്ണൂരില്‍ നടക്കും. 19ന് കണ്ണൂര്‍ മുന്‍സിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 6.00 മണി മുതല്‍ ഫൈനല്‍ മത്സരത്തിന്റെ പരിപാടികള്‍ ആരംഭിക്കും. ഫൈനലില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തൃശൂര്‍ മാജിക് എഫ്‌സിയും ഏറ്റുമുട്ടും.
നേരത്തെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ നിശ്ചയിച്ചിരുന്നത് എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് കാരണം സൂപ്പര്‍ ലീഗ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ തിയ്യതി മാറ്റുകയായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ 21ന് ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റൈസിങ് മത്സരങ്ങള്‍ നടക്കുന്നത് കൊണ്ട് കോഴിക്കോട് നടക്കേണ്ട മത്സരം കണ്ണൂരിലേക്ക് മാറ്റി.
കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനല്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് കണ്ണൂരില്‍ ഇത്രയും വലിയ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കണ്ണൂരിലെ ആരാധക പിന്തുണയാണ് ഇതിന് പ്രചോദനമായത്. വളരെ നാളുകള്‍ക്ക് ശേഷം കണ്ണൂരിലേക്ക് ഫുട്്ബോള്‍ ആരവം തിരിക്കെ കൊണ്ടുവരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇത് കണ്ണൂര്‍ ഫുട്ബോളിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കണ്ണൂര്‍ വാരിയേഴ്സ് ചെയര്‍മാന്‍ ഡോ.എം.പി. ഹസ്സന്‍ കുഞ്ഞി പറഞ്ഞു.
















