തിരുവനന്തപുരം: ദേശീയ തലത്തില്‍ ചര്‍ച്ചയായ തിരുവനന്തപുരം കോര്‍പറേഷന്‍ വിജയത്തെ രാഷ്‌ട്രീയ കേരളം ഉറ്റു നോക്കുന്നു. കോര്‍പറേഷനിലെ ബിജെപിയുടെ തിളക്കമാര്‍ന്ന വിജയം കേരളത്തിന്റെ ഭാവി രാഷ്‌ട്രീയത്തെ സൂചിപ്പിക്കുന്നു. ഇനി മാറാത്തത് മാറും എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
തിരുവനന്തപുരത്ത് സിപിഎമ്മിന്റെ കോട്ടയെ ആണ് എന്‍ഡിഎ തകര്‍ത്തത്. മൂന്നര പതിറ്റാണ്ടിലധികമായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് തെരഞ്ഞെടുപ്പോടെ അന്ത്യം കുറിച്ചു. തലസ്ഥാന ജില്ല, രാഷ്‌ട്രീയ പാര്‍ട്ടികളുടെയെല്ലാം ആസ്ഥാനം, സെക്രട്ടേറിയറ്റ്, അസംബ്ലി മന്ദിരം എല്ലാം തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍. പരിപാടികളിലും മറ്റും ഇഷ്ടമില്ലെങ്കിലും എന്‍ഡിഎ മേയറെ ഒഴിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് പറ്റാത്ത അവസ്ഥയാകും.
തിരുവനന്തപുരത്തോടൊപ്പം നിരവധി തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളില്‍ ഇടതിന്റെയും വലതിന്റെയും കോട്ടകളെ പൊളിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. കൊല്ലത്തും കോഴിക്കോട്ടും കണ്ണൂരും ഉജ്ജ്വല നേട്ടമുണ്ടാക്കി. പാലക്കാടും തൃപ്പൂണിത്തുറ നഗരസഭയും എന്‍ഡിഎ പിടിച്ചു.
വഖഫ് ഭീകരതയ്‌ക്കെതിരെ പോരാട്ടം നടത്തിയ എറണാകുളം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മുനമ്പത്ത് വിജയം. തൃശൂര്‍ കോര്‍പറേഷനിലെ മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥിയുടെ ജയം. പാലക്കാട് വനവാസി മേഖലയിലെ അട്ടപ്പാടി പുതൂര്‍ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു. കണ്ണൂരിലെ സിപിഎം കോട്ടകളിലും ബിജെപി കടന്നു കയറി. പാപ്പിനിശേരി, ചിറ്റാരിപറമ്പ് പഞ്ചായത്തുകളില്‍ ചരിത്രത്തിലാദ്യമായി ബിജെപി വിജയം നേടി. സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കരിവെള്ളൂര്‍ പെരളം പഞ്ചായത്ത്, കൂത്തുപറമ്പ് നഗരസഭയിലെ പാലപ്പറമ്പ് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം കോഴിക്കോട് കോര്‍പറേഷനില്‍ സീറ്റ് ഇരട്ടിയാക്കി.
കാസര്‍കോട് ജില്ലയില്‍ സിപിഎമ്മിന്റെയും യുഡിഎഫിന്റെയും കുത്തക വാര്‍ഡുകള്‍ പിടിച്ചെടുത്തു. കൂടാതെ നിരവധി ഗ്രാമപഞ്ചായത്തുകള്‍ എന്‍ഡിഎ അധികാരത്തിലേക്ക്. ഇതെല്ലാം തിരുവനന്തപുരത്തെ വിജയത്തോടൊപ്പം ചര്‍ച്ച ചെയ്യുന്നുണ്ട്.
ബിജെപിയുടെ കേന്ദ്ര ഭരണത്തിന്റ തേരോട്ടം തുടങ്ങിയത് ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിന്റെ ഭരണം പിടിച്ചടക്കികൊണ്ടായിരുന്നു. കേരളത്തില്‍ ആ ചരിത്രം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
















