തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മുന്നേറ്റത്തില്‍ ചിറകൊടിഞ്ഞ് ഇടത് വലത് മുന്നണികള്‍. എന്‍ഡിഎ ഭൂരിപക്ഷം നേടിയ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഇരുകൂട്ടരും അവിശുദ്ധകൂട്ടുകെട്ടിനുള്ള നീക്കം തുടങ്ങി. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഇത് സംബന്ധിച്ച് മനസമ്മതം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ പരസ്പരാരോപണത്തിന്റെ നാടകം കളിച്ച സിപിഎമ്മിന്റേയും കോണ്‍ഗ്രസിസിന്റേയും നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ചകള്‍ ആരംഭിച്ചു.
പാലക്കാടും തൃപ്പൂണിത്തുറയും അടക്കമുള്ളിടത്ത് എന്‍ഡിഎയെ ഭരിക്കാന്‍ അനുവദിക്കാതെ ദേശീയതലത്തിലെ ഇന്‍ഡി സഖ്യ മാതൃകയില്‍ കൂട്ടുകെട്ടിനാണ് ഒരുങ്ങുന്നത്. ബിജെപിയെ ഭരണത്തില്‍ കയറ്റിയാല്‍ ഇടതിനും വലതിനും എന്നെന്നേക്കുമായി ഭരണം കൈവിട്ടുപോകുമെന്ന് പാര്‍ട്ടികളുടെ ബുദ്ധിജീവികള്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതിനാല്‍ ഇന്‍ഡി സഖ്യത്തിന്റെ രീതിയില്‍ മുന്നോട്ട് പോകണം. തദ്ദേശ സ്ഥാപനങ്ങളില്‍ കൂട്ടുകൂടുന്നതില്‍ അപാകതയില്ല. സഖ്യം സംബന്ധിച്ച് പ്രാദേശിക നേതൃത്വത്തിന് തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കും. സിപിഐ ആണ് സഖ്യസാധ്യതകള്‍ക്ക് വേണ്ടി ചരട് വലിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ പരസ്യമായി പിന്തുണ നല്‍കുന്നത് പ്രതികൂലമാവുമെന്ന് ഭയമുള്ളതിനാല്‍ സ്വതന്ത്രന്മാരുടെ പിന്നാലെയാണ് ഇരുകൂട്ടരും. എന്‍ഡിഎ ഒറ്റകക്ഷിയായ സ്ഥാപനങ്ങളിലാണ് ഇത്തരത്തിലുള്ള നീക്കം. ഇടതും വലതും ഒത്തുചേര്‍ന്ന് എന്‍ഡിഎയുടെ സീറ്റിനു തുല്യമായി വന്നാല്‍ സ്വതന്ത്രരെ കൂട്ടുപിടിക്കും. പൊതു സമ്മതന്‍ എന്ന നിലയില്‍ സ്വതന്ത്രനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കും. ഇരുകൂട്ടരും പിന്തുണ നല്‍കി ജയിപ്പിച്ചെടുക്കും.
വിമര്‍ശിക്കുന്നവരോട് പറയും പിന്തുണ നല്‍കിയത് സ്വതന്ത്രനെന്ന്. പാലക്കാട് നഗരസഭയില്‍ ഇതിന്റെ നീക്കം തുടങ്ങി. തിരുവനന്തപുരത്തും ശ്രമം നടത്തിവരുന്നു. ഗ്രാമപഞ്ചായത്തുകളില്‍ സ്വതന്ത്രനെ ചാക്കിലാക്കാന്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരെ വരെ സിപിഎം രംഗത്തിറിക്കിയിട്ടുണ്ട്. മുന്നണി വിട്ട് പോയി മത്സരിച്ചവരും വിജയിച്ചവരും തിരികെ വരണമെന്ന് സിപിഎമ്മും കോണ്‍ഗ്രസും നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്.
















