തിരുവനന്തപുരം: താമരതരംഗത്തില്‍ നിയമസഭാ മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ തേരോട്ടം. കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ 14 വാര്‍ഡുകള്‍ ബിജെപി വെട്ടിപ്പിടിച്ചു. നേമത്ത് 14ല്‍ നിന്നും 17 വാര്‍ഡിലേക്ക് ഉയര്‍ന്ന് എന്‍ഡിഎ. വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരം മണ്ഡലത്തിലും എന്‍ഡിഎയുടെ വെന്നിക്കൊടി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയമസഭാ നിയോജക മണ്ഡലത്തിലെ അഞ്ച് വാര്‍ഡുകളാണ് എന്‍ഡിഎക്ക് ഉണ്ടായിരുന്നത്. ഇത് 14ലേക്ക് കുത്തനെ ഉയര്‍ത്തിയാണ് കരുത്ത് തെളിയിച്ചത്. പുതുതായി രൂപീകരിച്ച ആറ് വാര്‍ഡുകളില്‍ അലത്തറ, കുഴിവിള, കാര്യവട്ടം, ചെങ്കോട്ടുകോണം, സൈനികസ്‌കൂളും എന്‍ഡിഎയക്ക്് ഒപ്പം നിന്നു. കൂടാതെ നാല്‍പത് വര്‍ഷമായി സിപിഎം കയ്യടക്കിവച്ചിരുന്ന ഇടവക്കോട് ഇത്തവണ കാവിയണിഞ്ഞു. ഒപ്പം ആറ്റിപ്ര, കടകംപള്ളി, എന്നിവയും സിപിഎമ്മില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. സിപിഐയുടെ ഞാണ്ടൂര്‍ക്കോണവും ചന്തവിളയും എന്‍ഡിഎയിലേക്ക് എത്തി. കോണ്‍ഗ്രസ്സിന്റെ കുത്തകയായിരുന്ന മണ്ണന്തലയിലും ആക്കുളത്തും താമര വിരിഞ്ഞു. ഇതോടെ 28 വാര്‍ഡുകളില്‍ 14ഉം എന്‍ഡിഎയ്‌ക്കൊപ്പമായി.
നേമത്താകട്ടെ സിപിഎമ്മില്‍ നിന്നും കമലേശ്വരവും ആറ്റുകാലും സിപിഐ ഉപതെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത വെള്ളാറും എന്‍ഡിഎ തിരിച്ചെടുത്തു. ഒപ്പം സിപിഎമ്മിന്റെ കുത്തകയായിരുന്ന പൂങ്കുളവും പുതുതായി രൂപീകരിച്ച കരുമംവാര്‍ഡും എന്‍ഡിഎയിലേക്ക് ഒഴുകി. തൃക്കണ്ണാപുരവും പുന്നയ്‌ക്കാമുകളും നഷ്ടമായെങ്കിലും 17 വാര്‍ഡുകളില്‍ താമരക്കാലത്തിന് തുടക്കമായി.
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലുണ്ടായിരുന്ന 8 വാര്‍ഡില്‍ നിന്നും 11വാര്‍ഡിലേക്കാണ് എന്‍ഡിഎ ശക്തമായ വേരോട്ടം നടത്തിയത്. സിപിഎമ്മിന്റെ കൈവശമിരുന്ന വട്ടിയൂര്‍ക്കാവിലും വാഴോട്ടുകോണത്തും പുതുതായി രൂപീകരിച്ച അമ്പലംമുക്കിലും താമരവിരിഞ്ഞു. അതിനൊപ്പം കൊടുങ്ങാനൂര്‍, വാഴോട്ടുകോണം, വലിയവിള, പാങ്ങോട്, കാഞ്ഞിരംപാറ, ശാസ്തമംഗലം, ചെട്ടിവിളാകം, തുരുത്തുംമൂല എന്നീ വാര്‍ഡുകള്‍ നിലനിര്‍ത്തുകയും ചെയ്തപ്പോള്‍ മണ്ഡലത്തിലെ 25 വാര്‍ഡില്‍ 11ഉം എന്‍ഡിഎയുടെ അക്കൗണ്ടിലെത്തി.
തിരുവനന്തപുരം മണ്ഡലത്തിലെ മുന്നേറ്റത്തില്‍ സിപിഎമ്മിനുണ്ടായിരുന്ന വലിയശാലയും കോണ്‍ഗ്രസ്സിന്റ കയ്യിലിരുന്ന പെരുന്താന്നിയും എന്‍ഡിഎക്കൊപ്പം പോന്നു. ഉപതെരഞ്ഞെടുപ്പില്‍ സിപിഐ പിടിച്ചെടുത്ത ശ്രീവരാഹവും തിരികെപിടിച്ചു. ഇതോടെ ജഗതി, ചാല, മണക്കാട്, ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം വാര്‍ഡുകള്‍ക്കൊപ്പം ഈ മൂന്ന് വാര്‍ഡുകള്‍കൂടി അക്കൗണ്ടിലേക്ക് എത്തിയപ്പോള്‍ 50 എന്ന മാജിക് നമ്പരിലേക്ക് എന്‍ഡിഎ കുതിച്ചുയര്‍ന്നു. ഇതോടെ നാലരപതിറ്റാണ്ടായി സിപിഎമ്മിന്റെ ദുര്‍ഭരണത്തിന് തിരശ്ശീല വീഴുക കൂടിയായിരുന്നു.
















