തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പുതിയ വാര്‍ഡുകളും ബിജെപിക്കൊപ്പം നിന്നു. വാര്‍ഡ് പുനര്‍ നിര്‍ണയം വന്നപ്പോള്‍ 9 വാര്‍ഡുകളുടെ പേര് മാറുകയും 10 പുതിയ വാര്‍ഡുകള്‍ വരികയും ചെയ്തു. പുതിയതായി രൂപീകരിക്കപ്പെട്ട 10 വാര്‍ഡുകളില്‍ 7 വാര്‍ഡുകളിലും ബിജെപിക്കാണ് വിജയം. പിടിപി നഗര്‍, മുല്ലൂര്‍, കോട്ടപ്പുറം, കുര്യാത്തി, മാണിക്യവിളാകം, ബീമാപള്ളി ഈസ്റ്റ്, മുട്ടത്തറ, പാല്‍ക്കുളങ്ങര, ശംഖുമുഖം എന്നീ വാര്‍ഡുകള്‍ ഇല്ലാതായപ്പോള്‍ പോര്‍ട്ട് വാര്‍ഡ്, സൈനിക സ്‌കൂള്‍, കാര്യവട്ടം, ചേങ്കോട്ടുകോണം, പാങ്ങപ്പാറ, അമ്പലംമുക്ക്, ഗൗരീശപട്ടം, അലത്തറ, കുഴിവിള, കരുമം എന്നീ വാര്‍ഡുകള്‍ പുതിയതായി രൂപീകരിക്കപ്പെട്ടു. അവയില്‍ സൈനിക സ്‌കൂള്‍, കാര്യവട്ടം, ചേങ്കോട്ടുകോണം, അമ്പലംമുക്ക്, അലത്തറ, കുഴിവിള, കരുമം എന്നീ വാര്‍ഡുകളില്‍ ബിജെപിയാണ് വിജയിച്ചത്.
2020ല്‍ കൈവിട്ട 9 വാര്‍ഡുകള്‍ തിരിച്ചു പിടിച്ചു
2015ല്‍ വിജയിക്കുകയും 2020ല്‍ കൈവിട്ടുപോവുകയും ചെയ്ത ഞാണ്ടൂര്‍ക്കോണം, വാഴോട്ടുകോണം വട്ടിയൂര്‍ക്കാവ്, വലിയശാല, കമലേശ്വരം, ആറ്റുകാല്‍, ശ്രീവരാഹം, പെരുന്താന്നി, ആറ്റിപ്ര വാര്‍ഡുകളും ബിജെപി പിടിച്ചെടുത്തവയില്‍പ്പെടുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ഞാണ്ടൂര്‍കോണം വാര്‍ഡില്‍ ബിജെപിയുടെ എ.പ്രദീപ് കുമാര്‍ 887 വോട്ടുകള്‍ക്കാണ് സിപിഐയിലെ പി.കൃഷ്ണകുമാറിനെ തോല്‍പ്പിച്ചത്. വട്ടിയൂര്‍ക്കാവില്‍ അഡ്വ.എസ് നന്ദഭാര്‍ഗ്ഗവ് 713 വോട്ടുകള്‍ക്ക് സിപിഎമ്മിലെ വിനുകുമാറിനെ പരാജയപ്പെടുത്തി. വാഴോട്ട്‌കോണത്ത് ആര്‍.സുഗതന്‍ 58 വോട്ടുകള്‍ക്ക് സിപിഎമ്മിലെ സി.ഷാജിയെ പരാജയപ്പെടുത്തി. വലിയശാലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സൂര്യ വി.എസ് 327 വോട്ടുകള്‍ക്ക് സിപിഎമ്മിലെ ബിന്ദു മേനോനെ പരാജയപ്പെടുത്തി. കമലേശ്വരത്ത് ബിജെപിയിലെ വി.ഗിരി 307 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ വി.ഷാജിയെ പരാജയപ്പെടുത്തിയത്. ആറ്റുകാല്‍ വാര്‍ഡില്‍ ബിജെപിയിലെ എസ്.എസ് ശ്രുതി സിപിഎമ്മിലെ അശ്വതി വി.യെ 11 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി. ശ്രീവരാഹത്ത് ബിജെപിയിലെ ആര്‍. മിനി 1118 വോട്ടുകള്‍ക്ക് സിപിഐയിലെ പ്രിയ സി.നായരെയും പെരുന്താന്നിയില്‍ ബിജെപിയിലെ ദീപ എസ് നായര്‍ സിപിഎമ്മിലെ അനുജയനെ 1091 വോട്ടുകള്‍ക്കും പരാജയപ്പെടുത്തി. ആറ്റിപ്രയില്‍ ബിജെപിയിലെ സുനില്‍ എസ്.എസ് സിപിഎമ്മിലെ ശിവദത്തിനെ 327 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
















