കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പോലീസിന്റെ വീഴ്ചകളെ വിചാരണക്കോടതിയുടെ വിധിയില്‍ അക്കമിട്ട് നിരത്തുന്നു. കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റത്തില്‍നിന്നു മുക്തനാക്കിയത് സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 200 ഓളം പേജുകളിലാണ് വിശദമായി പ്രതിപാദിക്കുന്നത്. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച രണ്ടു പ്രധാന വാദങ്ങളെ – പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ‘വ്യാജ’ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, മൊബൈല്‍ ഫോണുകളില്‍ നിന്ന് നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചു, എന്നിവ 1709 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി ഹണി എം. വര്‍ഗീസ് തള്ളിക്കളഞ്ഞു.
ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) സംഭവിച്ച ഗുരുതര അന്വേഷണ വീഴ്ചകള്‍ വിധിപ്പകര്‍പ്പില്‍ എടുത്തുപറയുന്നു. പ്രധാന സാക്ഷികളെ വിസ്തരിക്കാതിരുന്നത്, സൈബര്‍ വിദഗ്ധനെ ഭീഷണിപ്പെടുത്തിയത്, പിടിച്ചെടുത്ത ഇലക്ട്രോണിക് തെളിവുകള്‍ വ്യക്തമായ കാരണമില്ലാതെ ഫൊറന്‍സിക് പരിശോധനക്ക് അയക്കാതിരുന്നത് എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ദിലീപിനെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് തുറന്നടിക്കുകയാണ് കോടതി. ദിലീപ് പ്രതികള്‍ക്ക് പണം നല്‍കിയെന്നതിന് തെളിവില്ലെന്നും വിധിപ്പകര്‍പ്പില്‍ എടുത്ത് പറയുന്നുണ്ട്. പള്‍സര്‍ സുനി ദിലീപില്‍ നിന്ന് പണം വാങ്ങിയതിനും ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചതിനും തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഡാറ്റകള്‍ കേസുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എന്തുകൊണ്ടാണ് ഈ ഡാറ്റകള്‍ തിരിച്ചെടുക്കാന്‍ പോലീസ് ശ്രമിക്കാതിരുന്നതെന്ന ചോദ്യവും ഉയര്‍ത്തിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയതില്‍ വലിയ വീഴ്ച പോലീസിന് ഉണ്ടായതായാണ് വിധിയില്‍ പറയുന്നത്.
എല്ലാം കെട്ടുകഥകള്‍ മാത്രമാണെന്ന ദിലീപിന്റെ വാദത്തെ സാധൂകരിക്കുന്ന നിഗമനങ്ങളിലേക്ക് തന്നെയാണ് കോടതി എത്തിയിരിക്കുന്നത്. ക്വട്ടേഷന്‍ നല്‍കിയതിന് പ്രധാന കാരണമായി പ്രോസിക്യൂഷന്‍ പറയുന്ന വിവാഹമോതിരത്തിന്റെ കാര്യം അതിജീവിത ആദ്യഘട്ടത്തിലൊന്നും പറയാതിരുന്നതിലും കോടതി സംശയം രേഖപ്പെടുത്തി.
ഒരു മാഡമാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് തുടക്കത്തില്‍ പള്‍സര്‍ സുനി പറഞ്ഞിരുന്നത്. എന്നാല്‍ ആ മാഡം എവിടെ എന്ന നിര്‍ണായക ചോദ്യവും കോടതി പോലീസിനോട് ചോദിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും എസ്പി സുദര്‍ശനും സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി സൂചിപ്പിക്കുന്ന ശബ്ദരേഖകളും ഒരു റിട്ട് ഹര്‍ജിയും ഉള്‍പ്പെടെയുള്ള പ്രതിഭാഗം തെളിവുകള്‍ കോടതി ഗൗരവമായി എടുത്തു. ഡിജിറ്റല്‍ ഡാറ്റ നശിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട മൊഴിയാണ് ഒരുപക്ഷേ, പ്രോസിക്യൂഷന്‍ കേസിന് ഏറ്റവും വലിയ തിരിച്ചടിയായത്. സൈബര്‍ വിദഗ്ധനായ സായ് ശങ്കറിന്റെ (പ്രോസിക്യൂഷന്‍ സാക്ഷി 214) സഹായത്തോടെ ഗൂഢാലോചനയുടെ തെളിവുകള്‍ മറയ്‌ക്കുന്നതിനായി ദിലീപ് തന്റെ ഐഫോണുകളില്‍നിന്ന് കുറ്റകരമായ ചാറ്റുകള്‍ മായ്ച്ചുകളഞ്ഞുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, സായ് ശങ്കറിന്റെ മൊഴി പ്രോസിക്യൂഷനു തന്നെ തിരിച്ചടിയായി. ദിലീപ് ഡാറ്റ മായ്‌ക്കുന്നതു കണ്ടതായി സായ് ശങ്കര്‍ കുറ്റസമ്മതം നടത്തിയിരുന്നുവെന്ന് പോലീസ് അവകാശപ്പെട്ടപ്പോള്‍, തന്റെ ആദ്യമൊഴി സമ്മര്‍ദം മൂലം പറഞ്ഞ നുണയാണെന്നാണ് പോലീസിനു നല്‍കിയ മൊഴിമാറ്റത്തെക്കുറിച്ച് വിധിന്യായത്തില്‍ സായ് ശങ്കര്‍ പറഞ്ഞത്. ദിലീപിന്റെ അഭിഭാഷകനായ അഡ്വ. ബി. രാമന്‍ പിള്ളയുടെ ഓഫീസില്‍ വച്ച് ഡാറ്റ നശിപ്പിച്ചു എന്ന് അവകാശപ്പെട്ട് പോലീസ് മഹസര്‍ തയാറാക്കിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് തെറ്റായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പിന്നീട് കോടതിയില്‍ സമ്മതിച്ചത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ കൂടുതല്‍ തകര്‍ത്തു. ഡാറ്റയൊന്നും അഭിഭാഷകര്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു കൃത്രിമവും നടന്നിട്ടില്ലെന്നും ലാബ് ഡയറക്ടര്‍ മൊഴി നല്‍കി. ഡിലീറ്റ് ചെയ്ത 12 ചാറ്റുകള്‍ സ്വകാര്യ സ്വഭാവമുള്ളവയും കേസുമായി ബന്ധമില്ലാത്തവയുമാണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. ഇതോടെ പോലീസ് കെട്ടിപ്പൊക്കിയ തെളിവുകളെല്ലാം തകര്‍ന്നടിയുകയായിരുന്നു.
















