മലപ്പുറം: മുസ്ലിം മതവര്‍ഗീയ സംഘടനകളുടെ കൂട്ടായ പ്രതിരോധത്തെ മറികടന്ന് എന്‍ഡിഎയുടെ മുന്നേറ്റം. താനൂര്‍ നഗരസഭയില്‍ ബിജെപി പ്രധാന പ്രതിപക്ഷമായി മാറി. നഗരസഭയിലും പഞ്ചായത്തുകളിലുമായി 34 വാര്‍ഡുകളിലാണ് എന്‍ഡിഎ വിജയിച്ചത്. നിലമ്പൂര്‍ നഗരസഭയില്‍ ഒരു വാര്‍ഡില്‍ എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടേതുള്‍പ്പെടെയാണ് 34 വാര്‍ഡുകളിലെ എന്‍ഡിഎയുടെ മിന്നും വിജയം. 18 നഗരസഭസീറ്റുകളും 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും എന്‍ഡിഎ നേടി. എടപ്പാള്‍ പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകള്‍ നേടി ഇരുമുന്നണികളെയും ഞെട്ടിച്ചു. മിക്ക സിറ്റിങ് വാര്‍ഡുകളും എന്‍ഡിഎ നിലനിര്‍ത്തിയെന്ന പ്രത്യേകതയുമുണ്ട്.
പരപ്പനങ്ങാടി നഗരസഭയില്‍ മൂന്ന്, കോട്ടയ്‌ക്കല്‍, പൊന്നാനി നഗരസഭകളില്‍ രണ്ട് വീതം, മഞ്ചേരി, നിലമ്പൂര്‍, തിരൂര്‍ നഗരസഭകളില്‍ ഒന്ന് വീതം സീറ്റുകളും ബിജെപി നേടി. എടപ്പാള്‍, മൂര്‍ക്കനാട്, അങ്ങാടിപ്പുറം, ചേലേമ്പ്ര, ചെറുകാവ്, ചുങ്കത്തറ, നന്നമുക്ക്, ഒഴൂര്‍, പെരുവള്ളൂര്‍, തലക്കാട്, വള്ളിക്കുന്ന് പഞ്ചായത്തുകളിലാണ് ബിജെപി സീറ്റുകള്‍ നേടിയത്.
താനൂര്‍ നഗരസഭയില്‍ എട്ട് സീറ്റ് നേടി ബിജെപി മുഖ്യപ്രതിപക്ഷമായി. പാര്‍ട്ടി ചിഹ്നത്തില്‍ ആരെയും ജയിപ്പിക്കാനാകാതെ എല്‍ഡിഎഫ്. ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നാലു പേര്‍ മാത്രമാണ് ഇക്കുറി ജയിച്ചത്. 2020ല്‍ എല്‍ഡിഎഫിന് ആറ് സീറ്റാണ് നഗരസഭയില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് നാലായി കുറഞ്ഞു. കഴിഞ്ഞ തവണ എന്‍ഡിഎയ്‌ക്ക് ഏഴ് സീറ്റാണ് ഉണ്ടായിരുന്നത്. രായിരിമംഗലം ഈസ്റ്റാണ് എന്‍ഡിഎ ഇക്കുറി അധികമായി പിടിച്ചെടുത്ത വാര്‍ഡ്. കഴിഞ്ഞ തവണ മുസ്ലിം ലീഗിന് 28 സീറ്റാണ് ഉണ്ടായിരുന്നത്. ഇക്കുറി 27 ആയി കുറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ നിന്ന് നാലായി വര്‍ദ്ധിപ്പിച്ചു. ഇതോടെ യുഡിഎഫിന് 31 സീറ്റായി. ഒരു സ്വതന്ത്രനും ഇക്കുറി വിജയിച്ചിട്ടുണ്ട്.
















