പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ ദേശഭേദങ്ങളില്ലാതെ അരങ്ങില്‍ അത്ഭുതം സൃഷ്ടിക്കുന്ന മഹാനടനാണ് സദനം കൃഷ്ണന്‍കുട്ടി. കഥകളിയുടെ സമസ്തമേഖലകളിലും പ്രാവീണ്യമുള്ള ഇദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ സമ്പൂര്‍ണ കഥകളി കലാകാരനാണ്. ചെര്‍പ്പുളശ്ശേരിക്കടുത്ത് കര്‍ഷക കുടുംബത്തില്‍ പിലാശ്ശേരി രാവുണ്ണി നായരുടെയും കിഴക്കേപ്പാട്ട് ജാനകി അമ്മയുടെയും മകനായി ജനനം. കുട്ടിക്കാലത്തു തന്നെ കൃഷ്ണന്‍കുട്ടിക്ക് കഥകളിയോടായിരുന്നു കമ്പം. 15-ാം വയസ്സില്‍ കഥകളി മോഹവുമായി കാല്‍നടയായി കാതങ്ങള്‍ താണ്ടി വാഴേങ്കടക്കു പുറപ്പെട്ടു. അവിടെയെത്തി കുഞ്ചുനായരാശാന്റെ വീടുതേടിപ്പിടിച്ച് കഥകളി മോഹം അറിയിച്ചു. വാഴേങ്കട കുഞ്ചുനായരാശാനാകട്ടെ കുട്ടിയെ വീട്ടില്‍ പിടിച്ചിരുത്തി മക്കള്‍ക്കൊപ്പം ഉച്ചയൂണുകൊടുത്ത് തിരിച്ചയക്കുമ്പോള്‍ കൂടെ ഒരു കത്തും നല്‍കിയിരുന്നു. ഈ വരുന്ന കഥകളി മോഹിയായ കുട്ടിക്ക് വേണ്ട സൗകര്യം ചെയ്തു കൊടുക്കണം എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കലാമണ്ഡലം പത്മനാഭന്‍ നായരാശാനാണ് കൃഷ്ണന്‍കുട്ടിയെ പേരൂര്‍ ഗാന്ധിസേവാ സദനത്തിലേക്ക് പറഞ്ഞയച്ചത്. അവിടെ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുത്തതോ കലാമണ്ഡലം രാമന്‍കുട്ടിനായരും. കൃഷ്ണന്‍കുട്ടിയെ പൂര്‍ണ കലാകാരനാക്കാന്‍ കാലം നിയോഗിച്ചവരില്‍ കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍, കോട്ടക്കല്‍ ശങ്കരനാരായണന്‍ എമ്പ്രാന്തിരി, തേക്കിന്‍കാട്ടില്‍ രാവുണ്ണിനായര്‍, കീഴ്പ്പടം കുമാരന്‍നായര്‍, മാണി മാധവചാക്യാര്‍ എന്നിങ്ങനെ പ്രഗത്ഭരുടെ നിരയുണ്ട്. ആ കുട്ടി പിന്നീട് കഥകളിയരങ്ങുകളിലെ പകരക്കാരനില്ലാത്ത താരമായി.
1941 ല്‍ തുലാം മാസത്തിലെ പുണര്‍തം നക്ഷത്രത്തില്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയിലാണ് കൃഷ്ണന്‍കുട്ടിയുടെ ജനനം. 1956ല്‍ കാറല്‍മണ്ണ എം.എന്‍.എന്‍.എന്‍.എം സ്‌കൂളില്‍നിന്ന്, മദിരാശി സര്‍ക്കാരിന്റെ പൊതുപരീക്ഷയായ ഇ.എസ്.എല്‍.സി (എലമെന്ററി സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ്) പാസായി. സ്‌കൂള്‍ പഠനകാലത്തു സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നു. ഗാന്ധിയന്‍ കെ. കുമാരന്‍ സ്ഥാപിച്ച പേരൂര്‍ ഗാന്ധി സേവാ സദനം കഥകളി അക്കാദമിയില്‍ 1956 ലാണ് കഥകളി അഭ്യസിക്കാനായി ചേരുന്നത്. കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍, കോട്ടക്കല്‍ ശങ്കരനാരായണന്‍ എമ്പ്രാന്തിരി എന്നവരായിരുന്നു പ്രഥമ അധ്യാപകര്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തേക്കിന്‍കാട്ടില്‍ രാവുണ്ണിനായരുടെ കീഴില്‍ അഭ്യസിച്ചു. ഇക്കാലത്തുതന്നെ കൂടിയാട്ട ആചാര്യന്‍ പത്മശ്രീ മാണി മാധവചാക്യാരുടെ കീഴില്‍ നേത്ര-അഭിനയ പരിശീലനം നേടി. വെള്ളിനേഴി അച്യുതവാര്യരുടെ കീഴില്‍ കുറച്ചുകാലം ഭരതനാട്യം അഭ്യസിച്ചു. 1962ല്‍ പഠനം പൂര്‍ത്തിയാക്കി. ഈ സമയം ഉപരിപഠനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. അതുപ്രകാരം പത്മശ്രീ കീഴ്പടത്തില്‍ കുമാരന്‍നായരുടെ കീഴില്‍ മൂന്നുവര്‍ഷം അഭ്യസിച്ചു.
1965 മുതല്‍ കഥകളി വേദികളില്‍ സജീവമായി. കേരള കലാമണ്ഡലം, ഗാന്ധിസേവാസദനം, ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം, മാര്‍ഗി കഥകളി വിദ്യാലയം, പട്‌ന നൃത്യകലാമന്ദിര്‍, കൊല്ലം കഥകളി ക്ലബിന്റെ കഥകളി വിദ്യാലയം എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം കെ. ഗോപാലകൃഷ്ണന്‍, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ശശീന്ദ്രന്‍, കലാനിലയം ബാലകൃഷ്ണന്‍, കലാനിലയം മോഹനകുമാര്‍, സദനം ഭാസി എന്നിവര്‍ ശിഷ്യസ്ഥാനീയരാണ്. ഇക്കാലത്തു ഗുരുവായൂര്‍ കൃഷ്ണനാട്ടം നടന്മാരെ കഥകളിവേഷം അഭ്യസിപ്പിച്ചു അരങ്ങേറ്റി.
1978ല്‍ കൊല്ലം കഥകളി ക്ലബിന്റെ പ്രഥമ കൊട്ടാരക്കര തമ്പുരാന്‍ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് കേരളത്തിലുടനീളമുള്ള കഥകളി ക്ലബ്ബുകളുടെ പുരസ്‌കാരങ്ങള്‍ക്കും കഥകളി ആചാര്യന്മാരുടെ സമരണയ്‌ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. കേന്ദ്ര സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പും അവാര്‍ഡും, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെല്ലോഷിപ്പും അവാര്‍ഡും, കാഞ്ചി കാമകോടി പീഠം കഥകളിരത്നം പുരസ്‌കാരം, ബെംഗളൂരു ബി.സി.കെ.എയുടെ ആചാര്യ പുരസ്‌കാരം, മുംബൈ കേളിയുടെ സുവര്‍ണശംഖ്, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്ന് രാജഹംസം പദവി, സിംഗപ്പൂര്‍ ഭാസ്‌കര്‍ അക്കാദമിയില്‍ നിന്ന് നാട്യകലാനിധി പദവി എന്നിവയടക്കം നാല്‍പതോളം പുരസ്‌കാരങ്ങള്‍ തേടിയെത്തി. 2021ല്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു.
1978 മുതല്‍ യുഎസ്, യുഎഇ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. സ്പിക്മാകെ എന്ന സംഘടനയുടെ നേതൃത്വത്തില്‍ 2015 മുതല്‍ രാജ്യത്തിലുടനീളം കഥകളി സോദാഹരണപ്രഭാഷണവും അവതരണവും നടത്തുന്നു.
1988 ല്‍ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കരുടെ രചനയില്‍ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത മാറാട്ടം എന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു. 2023ല്‍ ‘സദനം കൃഷ്ണന്‍കുട്ടി ആശാന്റെ ജീവിതം; ഒരു കൃഷ്ണഗാഥ’ എന്ന പേരില്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു. 1990 മുതല്‍ ഇരിങ്ങാലക്കുടയിലാണ് താമസം.
















