ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ കോടതി നടപടികളെക്കുറിച്ച് വരുന്ന അഭിപ്രായങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളില്‍ ആളുകള്‍ അഭിപ്രായം പറയുകയും വാദം കേള്‍ക്കുമ്പോള്‍ ജഡ്ജിമാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതില്‍ ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ ഇരുവശത്തുമുള്ള വാദങ്ങളുടെ ശക്തി പരിശോധിക്കുന്നതിനാണെന്നും കോടതിയുടെ അന്തിമ വീക്ഷണത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അത് മനസ്സിലാക്കാതെയാണ് ആളുകള്‍ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്.
ഇപ്പോള്‍ ആളുകള്‍ വളരെ സെന്‍സിറ്റീവായതിനാല്‍ പക്ഷപാതം ആരോപിക്കാന്‍ തുടങ്ങുന്നു. ഞാന്‍ ഇക്കാര്യങ്ങളെ ഭയപ്പെടുന്നില്ല. ചിലര്‍ക്കെങ്കിലും കോടതിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന തെറ്റായ ധാരണയുണ്ട്. അത് അംഗീകരിക്കാന്‍ പോകുന്നില്ല. ‘ ചീഫ് ജസ്റ്റിസ് പറഞ്ഞു.ബലാത്സംഗക്കേസിലെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
















