പനാജി: ഇരുപത്തഞ്ച് പേര്‍ മരിച്ച ഗോവയിലെ നിശാക്ലബ്ബ് ദുരന്തത്തിന് പിന്നാലെ വിദേശത്ത് കടന്ന ക്ലബ് ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലുത്ര എന്നിവരെ പിടികൂടാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ഇരുവര്‍ക്കുമെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. മറ്റൊരു ഉടമയായ അജയ് ഗുപ്തയ്‌ക്ക് വേണ്ടി തെരച്ചില്‍ നടത്തിവരികയാണ്.
തീപ്പിടിത്തത്തിന് തൊട്ടുപിന്നാലെ ഗോവ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ക്ലബ് ഉടമകള്‍ക്കും മാനേജര്‍ക്കുമെതിരെ നരഹത്യ, അനാസ്ഥ, സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തികള്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സംഭവസമയത്ത് ഇരുവരും ദല്‍ഹിയിലായിരുന്നു. ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. ദല്‍ഹി, ഗോവ പോലീസുകള്‍ ലൂത്ര സഹോദരന്‍മാരുമായി ബന്ധമുള്ള കേന്ദ്രങ്ങളിലും ശൃംഖലകളിലും സംയുക്തമായി റെയ്ഡ് നടത്തി.
സംഭവത്തില്‍ ഇതുവരെ മാനേജര്‍ ഉള്‍പ്പെടെ നാല് ക്ലബ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്ന വാഗേറ്ററില്‍ സ്ഥിതിചെയ്യുന്ന ‘റോമിയോ ലെയ്ന്‍’ എന്ന ക്ലബ്ബ് പൊളിച്ചുമാറ്റുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.











