ന്യൂദല്‍ഹി: ഭാരതത്തില്‍ 17.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.5 ലക്ഷം കോടി രുപ) നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം സിഇഒ സത്യ നാദെല്ലയാണ് എക്‌സിലെ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഏഷ്യയിലെ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമാണിതെന്നും സിഇഒ പറഞ്ഞു.
ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാന സൗകര്യങ്ങള്‍, വൈദഗ്ധ്യം, നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി 2026 മുതല്‍ 2029 വരെ നാല് വര്‍ഷത്തിനുള്ളില്‍ 17.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം. മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഈ വര്‍ഷം ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ഇന്ത്യ എഐ പര്യടനത്തിന് മുന്നോടിയായാണ് സത്യ നാദെല്ല ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
എഐ കാര്യത്തില്‍, ലോകം ഭാരതത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളവരാണെന്ന് സത്യ നാദെല്ലയുടെ കുറിപ്പിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു. ഏഷ്യയിലെ എക്കാലത്തെയും വലിയ നിക്ഷേപത്തിന് ഭാരതത്തെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്, പ്രധാനമന്ത്രി വ്യക്തമാക്കി.
















