ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ കോടതി വിധി നിരാശാജനകമാണെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. പറവൂര്‍ ഗവ. എച്ച്എസ്എസിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു. കേരളത്തിന്റെ മനസാക്ഷിയെ സംതൃപ്തിപ്പെടുത്തുന്നതല്ല വിധി. എറണാകുളത്ത് സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മാഫിയയുടെ ഉള്ളറകളിലേക്ക് അന്വേഷണം പോകണം. കോടതിയില്‍ മുദ്രാവാക്യം വിളിച്ചതിന് കേസെടുക്കണം. പോലീസ് ഉറങ്ങുകയായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ പല രാഷ്‌ട്രീയ നേതാക്കളും അവരുടെ പാര്‍ട്ടികളുടെ കൂടെയല്ലെന്നും വ്യക്തികള്‍ക്കാണ് പ്രാധാന്യമെന്നും സുധാകരന്‍ പറഞ്ഞു. ഇത്തവണ ത്രികോണ മത്സരത്തിന്റെ സാഹചര്യം ഉണ്ട്. ത്രികോണ മത്സരം നടക്കുന്ന സ്ഥലങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ചിലയിടങ്ങളില്‍ എല്‍ഡിഎഫ്, ബിജെപി മത്സരമാണ് നടക്കുന്നത്. ശബരിമലയില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായില്ല. ഉത്തരവാദിത്വം ഏല്‍പ്പിച്ചവര്‍ വീഴ്ച വരുത്തി. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ചെറുതായി സ്വാധീനിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാഴ്ച മുമ്പ് ശുചിമുറിയില്‍ തെന്നിവീണ് കാലിന് പരിക്കേറ്റ ജി. സുധാകരന്‍ വാക്കറിന്റെ സഹായത്തോടെയാണ് വോട്ട് ചെയ്യാനെത്തിയത്.















