ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇലക്ഷന്‍ കമ്മീഷനെ പിടിച്ചെടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ ഖണ്ഡിച്ച് ഇന്ദിരാഗാന്ധിയുടെ കാലത്താണ് വോട്ട് ചോരി നടന്നതെന്ന് തിരിച്ചടിച്ച് നിഷികാന്ത് ദുബെ.
ഇന്ദിരാഗാന്ധിയുടെ കാലത്ത് 1971ല്‍ ആണ് വോട്ട് ചോരി നടന്നതെന്നും ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി ജൂനിയറിനെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാക്കിയ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും നിഷികാന്ത് ദുബെ വാദിച്ചു.
ഇന്ദിരാഗാന്ധിയുടെ വോട്ട് ചോരിയുടെ കഥ
1971ല്‍ ഇന്ദിരാഗാന്ധിയാണ് വോട്ട് മോഷ്ടിച്ച് തെരഞ്ഞെടുപ്പ് ജയിച്ചത്. അന്ന് ഉത്തര്‍പ്രദേശിലെ റായ് ബറേലി ലോക് സഭാ സീറ്റില്‍ മത്സരിച്ച ഇന്ദിരാഗാന്ധി ജനതാദളിന്റെ രാജ് നാരായണനുമായാണ് ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വന്‍ഭൂരിപക്ഷത്തിന് ജയിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും ഇതിനെ അലഹബാദ് ഹൈക്കോടതിയില്‍ രാജ് നാരായണ്‍ ചോദ്യം ചെയ്തു. കൃത്രിമത്തിലൂടെയാണ് താന്‍ ഇലക്ഷന്‍ ജയിച്ചതെന്ന കാര്യം വെളിപ്പെടുമോ എന്ന് ഇന്ദിരാഗാന്ധി ഭയന്നതുപോലെ തന്നെ സംഭവിച്ചു. 1975 ജൂണ്‍ 12നാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ റായ് ബറേലി ലോക് സഭാ മണ്ഡലത്തിലെ വിജയം അസാധുവാക്കിയത്. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഭരണഘടനാപദവികള്‍ വഹിക്കുന്നതില്‍ നിന്നും ഇന്ദിരാഗാന്ധിയെ അലഹബാദ് കോടതി വിലക്കി. ജഗ് മോഹന്‍ ലാല്‍ സിന്‍ഹ എന്ന മിടുക്കനായ ജഡ്ജിയാണ് ഇന്ദിരാഗാന്ധിയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ചത്. ഈ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ പല രീതിയില്‍ ജഗ്മോഹന്‍ ലാല്‍ സിന്‍ഹയെ ഇന്ദിരാഗാന്ധി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ജഗ്മോഹന്‍ ലാല്‍ സിന്‍ഹയ്‌ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വരെ പരോക്ഷമായി വാഗ്ദാനം ചെയ്തിരുന്നുവത്രെ. എന്നാല്‍ നീതിമാനായ ജഗ്മോഹന്‍ ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധിയ്‌ക്കെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു.
1971ലെ റായ് ബറേലി തെരഞ്ഞെടുപ്പില്‍ അനുകൂല വിധി ഉണ്ടാക്കാന്‍ അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പരമാവധി ഉപയോഗപ്പെടുത്തിയതായി കോടതി കണ്ടെത്തിയിരുന്നു. അതോടെ അലഹബാദ് കോടതിവിധിയെ ധിക്കരിച്ച്, ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാലയളവില്‍ രാഷ്‌ട്രപതി വെറും റബ്ബര്‍ സ്റ്റാമ്പായി മാറി. മുഴുവന്‍ അധികാരങ്ങളും പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയില്‍ കേന്ദ്രീകരിച്ചു. ഇന്ദിരാഗാന്ധി അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടന്നു. രാജ്യത്തെ പൗരന്മാരുടെ മുഴുവന്‍ സ്വാതന്ത്ര്യവും കവര്‍ന്നെടുക്കുന്ന ദുര്‍നിയമങ്ങളുടെ 21 മാസങ്ങളായിരുന്നു അടിയന്തരാവസ്ഥക്കാലം. പക്ഷെ അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ജനങ്ങളോട് ചെയ്ത ക്രൂരതയ്‌ക്ക് തിരിച്ചടികിട്ടി. അവര്‍ തെരഞ്ഞെടുപ്പില്‍ തോറ്റു തൊപ്പിയിടുകയും ചെയ്തു.
ഇന്ദിരാഗാന്ധി റായ് ബറേലി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് വോട്ട് ചോരിയിലൂടെ
ഇന്ദിരാഗാന്ധി 1971ലെ റായ് ബറേലി തെരഞ്ഞെടുപ്പില്‍ വോട്ട് ചോരിയിലൂടെ ഇന്ദിരാഗാന്ധി വിജയിച്ചു. ഇതിനെതിരെ 1975ല്‍ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ ആ വിധിയെ തള്ളിക്കളഞ്ഞ് അടിയന്തരാവസ്ഥപ്രഖ്യാപിച്ചുവെന്നും നിഷികാന്ത് ദുബെ വാദിച്ചു.
39ാം ഭരണഘടനാ ഭേദഗതിയിലൂടെ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച കേസില്‍ സാധാരണ കോടതികള്‍ വിധിപറയുന്നത് വിലക്കി. നേരത്തെ മൂന്ന് സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് വെറും 8.5 വര്‍ഷം ജഡ്ജിയായി പരിചയമുള്ള ഒരാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാക്കി. 1973ലാണ് എ.എന്‍. റേ എന്ന ജൂനിയര്‍ ജഡ്ജിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. സീനിയര്‍ ജഡ്ജിമാരായ ഷെലാത്ത്, ഹെഗ്ഡെ, ഗ്രോവര്‍ എന്നിവരെ തഴഞ്ഞാണ് ഇന്ദിരാഗാന്ധി എ.എന്‍. റേയെ ചീഫ് ജസ്റ്റിസാക്കിയത്. ഈ എ.എന്‍. റേ പിന്നീട് അടിയന്തരാവസ്ഥക്കാലത്തും അതിന് മുന്‍പും ഇന്ദിരാഗാന്ധി സര്‍ക്കാരിനെ അനുകൂലിച്ചു. എഡിഎം ജബല്‍പൂര്‍ എന്ന അടിയന്തരാവസ്ഥക്കാലത്തെ കുപ്രസിദ്ധമായ കേസില്‍ ജീവിക്കാനുള്ള അവകാശം വരെ ഈ ജഡ്ജി റദ്ദാക്കുകയുണ്ടായി.
















